മൂന്നാര്‍: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ വൈദ്യുതി മന്ത്രി എം.എം മണി മാപ്പുപറയണമെന്നും രാജിവെക്കണമെന്നും ആവശ്യപ്പെട്ട് പൊമ്പിളൈ ഒരുമൈ നേതാക്കള്‍ നിരാഹാര സമരത്തിലേക്ക്. ഗോമതി അഗസ്റ്റിനും കൗസല്യയും ആണ് രാവിലെ മുതല്‍ നിരാഹാര സമരം ആരംഭിച്ചത്. മൂന്നാര്‍ ടൗണില്‍ ഗാന്ധി പ്രതിമക്ക് സമീപമാണ് നിരാഹാരസമരം നടത്തുന്നത്.
സി.പി.എമ്മുകാരുടെ ഭീഷണി ഭയന്നാണ് തൊഴിലാളികള്‍ സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് ഗോമതി മാധ്യമങ്ങളോട് പറഞ്ഞു. സമരപ്പന്തലില്‍ തൊഴിലാളികളുടെ ബാഹുല്യമില്ലെങ്കിലും സമരം തുടരുമെന്നും അവര്‍ വ്യക്തമാക്കി.
മണി മൂന്നാറിലെത്തി തൊഴിലാളികളുടെ കാലുപിടിച്ച് മാപ്പുപറയുംവരെ സമരം തുടരുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍. എം.എം. മണി രണ്ടു തവണ ഖേദപ്രകടനം നടത്തിയെങ്കിലും പ്രതിഷേധത്തിന് അയവ് വന്നിട്ടില്ല. ഞായറാഴ്ച വൈകീട്ട് അഞ്ചോടെ ആരംഭിച്ച സമരത്തിനു രാഷ്ട്രീയ പാര്‍ട്ടികളുടെയടക്കം വലിയ തോതിലുള്ള പിന്തുണയാണ് ലഭിക്കുന്നത്.
മന്ത്രി മണി രാജിവെക്കണമെന്ന ആവശ്യവും ഇവര്‍ ഉന്നയിക്കുന്നുണ്ട്. രണ്ടുതവണ മണി ഖേദപ്രകടനം നടത്തിയെങ്കിലും മൂന്നാറിലെത്തി മന്ത്രി മാപ്പുപറയണമെന്ന് തന്നെയാണ് പ്രതിഷേധക്കാരുടെ ശക്തമായ നിലപാട്. ഞായറാഴ്ച വൈകിട്ടോടെ ആരംഭിച്ച സമരത്തിന് പിന്തുണയുമായി ബിജെപി, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടിയുടെ നേതാക്കള്‍ എത്തിയിരുന്നു.
ഞായറാഴ്ച രാത്രിയും തിങ്കളാഴ്ചയുമായി സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് വനിത നേതാക്കളും സാമൂഹിക, പരിസ്ഥിതി പ്രവര്‍ത്തകരും മൂന്നാറിലെത്തിയിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
തൊഴിലാളികളെ ഇനി സമരം കൊണ്ട് ബുദ്ധിമുട്ടിക്കില്ലെന്നും സംഘടനയ്ക്ക് വേണ്ടി നേതൃനിരയിലുളളവര്‍ സമരം ചെയ്യുമെന്നുമാണ് ഗോമതി സമരത്തെക്കുറിച്ച് വ്യക്തമാക്കിയത്. അതേസമയം ഭൂമി കൈയേറ്റമുള്പ്പെടെയുളള കാര്യങ്ങളില്‍ വിവാദങ്ങളില്‍ അകപ്പെട്ട സിപിഐഎം നേതൃത്വം മൂന്നാറില്‍ ഇന്നുവൈകിട്ട് വിശദീകരണ യോഗം വിളിച്ചിട്ടുണ്ട്.
Discussion about this post