ഡല്‍ഹി: പാക്കിസ്ഥാന് തിരിച്ചടി നല്കാന് ഇന്ത്യന്‍ സൈന്യത്തിന് സമ്പൂര്‍ണ സ്വാതന്ത്ര്യം നല്കി കേന്ദ്രസര്‍ക്കാര്‍. പാക്കിസ്ഥാന് അവര്‍ മറക്കാത്ത പാഠം പഠിപ്പിക്കാനാണ് സൈന്യത്തിന് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. ഇതിന് പിന്നാലെ അതിര്‍ത്തിയില്‍ പാക്കിസ്ഥാന് സൈന്യത്തിന് കനത്ത നാസം വിതച്ച് ഇന്ത്യന്‍ സേന മുന്നേറുകയാണ്. ഏഴ് പാക് സൈനികര്‍ ഇന്ത്യന്‍ ആക്രമണത്തില്‍ വധിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
സൈന്യത്തിന് സ്വാതന്ത്ര്യം നല്‍കിയതിന് പിറകെ കരസേന മേധാവി ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.
പാക് സൈന്യത്തിന്റെ ക്രൂരകൃത്യത്തെ തുടര്‍ന്ന് കരസേന മേധാവി ബിപിന്‍ റാവത്ത് കശ്മീരിലെത്തിയതിന് തൊട്ട് പിന്നാലെയാണ് ഇന്ത്യന്‍ സേന കനത്ത തിരിച്ചടി തുടങ്ങിയത്. കൃഷ്ണ ഘട്ടി മേഖലയ്ക്ക് എതിര്‍വശത്തുള്ള കിര്‍പാണ്‍ , പിമ്പിള്‍ പോസ്റ്റുകള്‍ ഇന്ത്യ തകര്‍ത്തു. 647 മുജാഹിദ്ദീന്‍ ബറ്റാലിയനിലെ പാക് സൈനികരാണ് കൊല്ലപ്പെട്ടത്.
പാക്ക് സൈന്യത്തിന്റെ പ്രകോപനത്തിനു പിന്നാലെ അതിര്‍ത്തിയില്‍ സംഘര്‍ഷം വീണ്ടും രൂക്ഷമായി. 778 കിലോമീറ്ററോളം മേഖലയില്‍ ഇന്ത്യ തിരിച്ചടിക്കുകയാണ്. പാക് സൈന്യം പലയിടത്തും പിന്‍വാങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കനത്ത നാശം വിതച്ചുള്ള ഇന്ത്യയുടെ മുന്നേറ്റം പാക്കിസ്താന് താങ്ങാനാവില്ല എന്നാണ് വിലയിരുത്തല്‍.
ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാക്ക് റേഞ്ചേഴ്സ് നടത്തിയ റോക്കറ്റാക്രമണത്തിലാണ് സുബേധാര്‍ പരംജിത് സിങ്, ബിഎസ്എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ പ്രേം സാഗര്‍ എന്നീ സൈനികര്‍ വീരമൃത്യു വരിച്ചത്. റോക്കറ്റാക്രമണത്തിനു പിന്നാലെ അതിര്‍ത്തിയില്‍ പട്രോളിങ് നടത്തുകയായിരുന്ന സൈനികരെ ആക്രമിച്ച പാക്ക് സൈന്യത്തിലെ ബോര്‍ഡര്‍ ആക്ഷന്‍ ടീം (BAT), കൊല്ലപ്പെട്ട ജവാന്മാരുടെ മൃതദേഹങ്ങള്‍ വികൃതമാക്കുകയും ചെയ്തിരുന്നു. കശ്മീരിലെ പോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്ന് പാക്ക് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വ പ്രസ്താവിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സേനയ്ക്കു നേരെ പാക്ക് സൈന്യം ആക്രമണം നടത്തിയത്.
കഴിഞ്ഞ ഒരു മാസത്തിനിടെ അതിര്‍ത്തിയില്‍ പാക്ക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് ഇത് എട്ടാം തവണയാണ്.
Discussion about this post