ജനീവ: പുതിയ ഫിഫ റാങ്കിംഗില്‍ ഇന്ത്യന്‍ ടീമിന് നൂറാം സ്ഥാനം. കഴിഞ്ഞ 21 വര്‍ഷത്തിനിടയിലെ ഇന്ത്യയുടെ ഏറ്റവും ഉര്‍ന്ന റാങ്കാണിത്.
ലിത്വാനിയ, എസ്തോണിയ, നിക്കാരഗ്വെ എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ് ഇന്ത്യ നൂറാം റാങ്ക് പങ്കിടുന്നത്. 331 പോയിന്റാണ് ഇന്ത്യന്‍ സംഘത്തിനുള്ളത്.
നിലവില്‍ 101 ആം സ്ഥാനത്തായിരുന്നു ഇന്ത്യ. 1996 ന് ശേഷമുള്ള ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന റാങ്കിംഗാണ് ഇന്ന് ലഭിച്ചിരിക്കുന്നത്. 1996 ല്‍ 94 ആം സ്ഥാനത്തെത്തിയതാണ് ഇന്ത്യയുടെ എക്കാലത്തേയും മികച്ച നേട്ടം.
കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്റെ നേതൃത്വത്തില്‍ കഴിഞ്ഞ 13 മത്സരങ്ങളില്‍ പതിനൊന്നിലും ടീം ജയിച്ചു, ഇതില്‍ ആറ് എണ്ണം തുടര്‍ച്ചയായ ജയങ്ങളായിരുന്നു. ലാവോസ്, ഭൂട്ടാന്, പ്യൂട്ടോറിക്ക, കംബോഡിയ, മ്യാന്മാര് എന്നീ ടീമുകളെയാണ് ഇന്ത്യ തോല്‍പ്പിച്ചത്. സ്ഥിരതയാര്‍ന്ന പ്രകടനത്തിനുള്ള അംഗീകാരമാണ് ഈ നേട്ടം.
ഏപ്രില്‍ ആറിന് പുറത്ത് വന്ന റാങ്കിംഗ് പ്രകാരം ഇന്ത്യ 101 ആം സ്ഥാനത്തായിരുന്നു. സൗഹൃദ മത്സരത്തില്‍ കംബോഡിയയെയും എഎഫ്സി യോഗ്യതാ മത്സരത്തില്‍ മ്യാന്മറിനെയും അവരുടെ നാട്ടില്‍ കീഴടക്കിയതാണ് റാങ്കിംഗില്‍ ഇന്ത്യക്ക് തുണയായത്. 2015 മാര്‍ച്ചില്‍ 173 ആം റാങ്ക് വരെ താഴ്ന്നതിന് ശേഷമാണ് ഇന്ത്യ വന്‍തിരിച്ചുവരവ് നടത്തിയിരിക്കുന്നത്.
ബ്രസീലാണ് ഒന്നാം സ്ഥാനത്ത്. ഒന്നാം സ്ഥാനത്തുള്ള ബ്രസീലിന് 1672 പോയിന്റാണുള്ളത്. അര്‍ജന്റീന, ജര്‍മനി, ചിലി എന്നിവരാണ് രണ്ട് മുതല്‍ നാലുവരെ സ്ഥാനങ്ങളില്‍.
Discussion about this post