തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ടിപി സെന്‍കുമാറും തമ്മിലുള്ള കൂടികാഴ്ച ഇന്ന് നടക്കും. വൈകുന്നേരം 4.30 ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ചാണ് കൂടികാഴ്ച നടക്കുക. ഡിജിപി സ്ഥാനത്തേക്ക് സെന്‍കുമാര്‍ മടങ്ങിയെത്തിയതിന് ശേഷമുള്ള ആദ്യ കൂടികാഴ്ചയാണിത്.
സര്‍ക്കാരും പൊലീസ് മേധാവിയും തമ്മില്‍ ഭിന്നതകള്‍ നിലനില്‍ക്കവെ തന്നെ ഈ കൂടികാഴ്ച നിര്‍ണായകമായിരിക്കും. മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവായി രമണ്‍ ശ്രീവാസ്ഥവയെ നിയമിച്ചതില്‍ സെന്‍കുമാര്‍ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ കൂടികാഴ്ചയില്‍ ഇതും ചര്‍ച്ചയായേക്കും. സര്‍ക്കാരിന്റെ പൊലീസ് നയം, പൊലീസില്‍ വരുത്താനുദ്ധേശിക്കുന്ന മാറ്റങ്ങള്‍ തുടങ്ങിയവ മുഖ്യമന്ത്രി സെന്‍കുമാറിനെ അറിയിക്കും.
പൊലീസ് മേധാവിയായിട്ടുള്ള നിയമനം ഏറ്റെടുത്തയുടനെ ടിപി സെന്‍കുമാര്‍ നിലപാടുകള്‍ വ്യക്തമാക്കിയിരുന്നു. പൊലീസ് മേധാവി താനാണെന്നും തനിക്ക് ഉപദേശകരില്ല എന്നും ഉപദേശകരെ വയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു. രമണ്‍ ശ്രീവാസ്തവ തന്റെ ഉപദേശകനല്ല, മുഖ്യമന്ത്രിയുടെ ഉപദേശകനാണ്. ഇപ്പോള്‍ ഒരു ഉപദേശകനെ വയ്ക്കേണ്ട ആവശ്യം പൊലീസിനില്ല. താനാണ് ഇപ്പോള്‍ സീനിയര്‍. തന്റെ താഴെയുള്ള മിക്ക ഓഫീസര്‍മാരെയും തനിക്ക് നന്നായറിയാം. അതിനാല്‍ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടാകുമെന്ന് തോന്നുന്നില്ലയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post