കശ്മീര്‍: കശ്മീരില്‍ നിന്ന് കഴിഞ്ഞ ദിവസം രാത്രി ഭീകരര്‍ തട്ടിക്കൊണ്ടുപോയ സൈനിക ഓഫീസര്‍ ഉമര്‍ ഫയാസിനെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. തെക്കന്‍ കശ്മീരിലെ ഷോപിയാന്‍ ജില്ലയിലുള്ള ഹെര്‍മന്‍ പ്രദേശത്ത് ബുധനാഴ്ച പുലര്‍ച്ചെയാണ് വെടിയുണ്ടകള്‍ പതിച്ച മൃതദേഹം കണ്ടെത്തിയത്. കശ്മീരിലെ കുല്‍ഗാം സ്വദേശിയാണ് ഉമര്‍ ഫയാസ്.
വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ് കഴിഞ്ഞ ദിവസം അദ്ദേഹം ഷോപിയാനിലെത്തിയത്. ഷോപിയാനില്‍ സൈനിക ഓഫീസര്‍ താമസിച്ച സ്ഥലത്തു നിന്നാണ് ഭീകരര്‍ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രിമുതല്‍ അദ്ദേഹത്തെ കാണാതായിരുന്നു. എന്നാല്‍ കുടുംബാംഗങ്ങള്‍ ഈ വിവരം അധികൃതരെ അറിയിച്ചിരുന്നില്ല. ഭീകരര്‍ അദ്ദേഹത്തെ മോചിപ്പിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അവര്‍.
സംഭവത്തെക്കുറിച്ച് സൈന്യവും പോലീസും വിശദമായ അന്വേഷണം തുടങ്ങി. കശ്മീരില്‍ സ്ഥിതിഗതികള്‍ വഷളായി തുടരുന്നതിനിടെയാണ് സൈനിക ഓഫീസറെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി വധിച്ചത്.
കഴിഞ്ഞ ആഴ്ച പാക് സൈന്യത്തിന്റെ വെടിവെപ്പില്‍ മരിച്ച രണ്ട് ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ അതിര്‍ത്തി കടന്നെത്തിയ പാക് സൈനികര്‍ വികൃതമാക്കിയ സംഭവം കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
Discussion about this post