ഡല്‍ഹി: അക്ബര്‍ റോഡിലെ എ.ഐ.സി.സി. ആസ്ഥാനം ഒഴിപ്പിക്കല്‍ പരിഗണനയിലെന്ന് കേന്ദ്രസര്‍ക്കാര്‍. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് നല്കിയ മറുപടിയില്‍ കേന്ദ്ര നഗരവികസന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ഡല്‍ഹിയിലെ അക്ബര്‍ റോഡിലെ 24-ാം നമ്പര്‍ ബംഗ്ലാവാണ് ദീര്‍ഘകാലമായി എ.ഐ.സി.സി. ആസ്ഥാനം. കോണ്‍ഗ്രസിന്റെ കൈവശമുള്ള നാല് കെട്ടിട സമുച്ചയങ്ങള്‍ നിയമപ്രകാരം പാര്‍ട്ടിക്ക് അനുവദനീയമായതിന്റെ പരിധിക്ക് അപ്പുറമാണെന്ന് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് നല്കിയ മറുപടിയില്‍ മന്ത്രാലയം പറയുന്നു.
ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസിന്റെ ആസ്ഥാനമായ റായ്സിനാ റോഡിലെ 5-ാം നമ്പര്‍ കെട്ടിടം, പാര്‍ട്ടി ഉപയോഗിക്കുന്ന അക്ബര്‍ റോഡിലെ 26-ാം നമ്പര്‍ കെട്ടിടം, ചാണക്യപുരിയിലെ ഒരു കെട്ടിടം എന്നിവയാണ് ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ അധീനതയിലുള്ള നാല് ബംഗ്ലാവുകള്‍. 2013 ജൂണ്‍ 26 മുതല്‍ ഈ കെട്ടിടങ്ങള്‍ അനുവദിച്ചത് റദ്ദാക്കിയിട്ടുള്ളതായി മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്സ് പറയുന്നു.
ഡല്‍ഹിയില്‍ എ.ഐ.സി.സി. ആസ്ഥാനമന്ദിരം നിര്‍മിക്കുന്നതിനായി കോണ്‍ഗ്രസിന് 2010 ജൂണില്‍ സ്ഥലം അനുവദിച്ചിരുന്നു. മൂന്നുവര്‍ഷം കൊണ്ട് മന്ദിരം നിര്‍മിക്കാനും കൈവശം വെച്ചിരിക്കുന്ന നാല് കെട്ടിടങ്ങള്‍ 2013 ജൂണില്‍ ഒഴിയാനും കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ പാര്‍ട്ടി ഇതിന് മൂന്നുവര്‍ഷം സമയം നീട്ടി ചോദിച്ചിരുന്നു. 24 അക്ബര്‍ റോഡിലെ ഓഫീസ് 1990 ജൂലായ് 18 മുതലും റായ്സിനാ റോഡിലെ കെട്ടിടം 1976 ജൂലായ് അഞ്ചു മുതലും കോണ്‍ഗ്രസിന്റെ അധീനതയിലാണ്. ഡല്‍ഹിയിലെ കോളേജ് വിദ്യാര്‍ഥിയായ അനികേത് ഗൗരവ് വിവരാവകാശനിയമപ്രകാരം നല്കിയ ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യങ്ങള്‍ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
Discussion about this post