തിരുവനന്തപുരം: ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന ഇടത് സര്‍ക്കാരിനെതിരെ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇടത് സര്‍ക്കാര്‍ അവകാശപ്പെടുന്ന വാദങ്ങള്‍ പൊള്ളയാണെന്നാണ് തിരുവനന്തപുരം ആനാട് സ്വദേശി സജിദാസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം നല്കിയെന്നു കാട്ടി വാര്‍ഷിക ദിനത്തില്‍ പത്രങ്ങളില്‍ നല്കിയ പരസ്യം പച്ചക്കള്ളമാണെന്ന് സജിദാസിന്റെ പോസ്റ്റില്‍ പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം:
കേരള മുഖ്യമന്ത്രി ശ്രി പിണറായി വിജയന് സര്, സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം പ്രമാണിച്ച് മെയ് ഇരുപത്തി അഞ്ചാം തീയതി മനോരമ ന്യൂസ് പേപ്പറില്‍ ‘അകലെയല്ല ഏവര്‍ക്കും വീടെന്ന സ്വപ്നം’ എന്ന ഒരു പരസ്യം കണ്ടു. ആ പരസ്യത്തില്‍, ‘ ധനസഹായം ലഭിച്ചിട്ടും ഭവനനിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ക്ക് സഹായം, വാസയോഗ്യമല്ലാത്ത വീടുള്ളവര്‍ക്കു സഹായം’ എന്നൊക്കെ കണ്ടു. ഒരു വര്ഷവമായിട്ടു എത്ര പേര്‍ക്കാണു സര് താങ്കളുടെ സര്‍ക്കാര്‍ വീട് വയ്ക്കുവാന്‍ സഹായം നല്‍കിയത്. എന്റെ അനുഭവത്തിന്റെ വെളിച്ചതില്‍ ഞാന്‍ പറയും താങ്കളുടെ ഈ വാദമുഖങ്ങള്‍ പച്ചക്കള്ളമാണ് എന്ന്.
ജീവിതയാത്രയില്‍ അപ്രതീക്ഷിതമായി മാറാരോഗം പിടിപെട്ടു ജീവിതത്തില്‍ ഇനി എന്തു ചെയ്യണമെന്ന് അറിയാതെ പകച്ചുനിന്നപോള്, ഉള്ള കിടപ്പാടം ബാങ്കുകാര് ജപ്തി ചെയ്യും എന്ന് ആയപ്പോള്‍ വില്ലേജ് ഓഫീസുമുതല്‍ കലക്ടര്‍ ഓഫീസ് വരെ കയറി ഇറങ്ങി കഷ്ടപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നു സഹായം കിട്ടുവാന്‍ ഒരു അപേക്ഷ ഞാന്‍ തന്നിരുന്നു. മൂന്നര ലക്ഷം രൂപയും അതിന്റെ പലിശയും അടക്കുവാനുള്ള സഹായത്തിനു വേണ്ടി ആണ് ഞാന്‍ അപേക്ഷ തന്നത്. അതിന്‍പ്രകാരം താങ്കള്‍ എനിക്ക് അനുവദിച്ചു തന്നതു വെറും പതിനായിരം രൂപ. എനിക്ക് ആരോഗ്യം ഉണ്ടായിരുന്നപ്പോള്‍ ഒരു വര്‍ഷം ഇരുപത്തയ്യായിരം രൂപയില്‍ കൂടുതല്‍ ഞാന്‍ ചാരിറ്റിക്ക് വേണ്ടി ചെലവഴിക്കുമായിരുന്നു.
ആ സ്ഥലത്ത് താങ്കള്‍ പതിനായിരം രൂപ അനുവദിച്ചപ്പോള്‍ എനിക്ക് താങ്കളോട് പുച്ഛം തോന്നി. കാരണം അഞ്ചു പേര് അടങ്ങുന്ന ഒരു കുടുംബത്തെ പോറ്റേണ്ട ബാദ്ധ്യത ഉള്ള ഞാന്‍ പതിനായിരം രൂപവച്ച് എങ്ങനെ ആണ് ജപ്തി ഒഴിവാക്കുക? (ഞാന്‍ തന്ന അപേക്ഷയില്‍ എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞിരുന്നതിനാല്‍ തന്നെ ഇവിടെ അതിനെക്കുറിച്ച് വിശദീകരിക്കുന്നില്ല). ഈ രോഗത്തെക്കുറിച്ച് താങ്കളുടെ ഉപദേശക സംഘത്തോട് ചോദിച്ചിരുന്നെങ്കില്‍ അവരില്‍ സ്വബോധവും മനുഷ്യത്വവും ഉള്ള ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എനിക്ക് അര്ഹ്മായ സഹായം ലഭിക്കുമായിരുന്നു. എന്നാല്‍ അത് ഉണ്ടായില്ല. കോടികള്‍ മുടക്കിയുള്ള ഈ പരസ്യം കണ്ടപ്പോള്‍ ഹൃദയത്തില്‍ നീറുന്ന വേദന ഉണ്ടായി. അര്‍ഹമായ സഹായം അര്ഹതതയുള്ളവര്ക്കു നല്‍കാതെ ഇങ്ങനെ കോടികള്‍ മുടക്കി പരസ്യം കൊടുക്കുന്നതുകൊണ്ട് ആര്‍ക്കാണു മെച്ചമുള്ളത്?
2015 സെപ്റ്റംബര്‍ മുതല്‍ ഞാനും എന്റെ വയോധികയായ മാതാവും ഭാര്യയുടെ വയോധികരായ മാതാപിതാക്കളും കഴിയുന്നത് എന്റെ കുറെ നല്ല സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും കാരുണ്യത്തിലാണ്. ഇപ്പോഴും ജപ്തി ഭീഷണി നിലനില്‍ക്കുന്ന കാര്യം താങ്കളെ ഓര്‍മിപ്പിക്കുന്നു. എനിക്ക് വീട് വയ്ക്കാനുള്ള ധനസഹായം വേണ്ട, പൂര്‍ത്തിയാവാത്ത വീട് പൂര്‍ത്തിയാക്കാനുള്ള സഹായവും വേണ്ട. ഇതെല്ലാം ചെയ്യുന്ന അങ്ങ് എന്റെ വീടിന്റെ ജപ്തി ഒഴിവാക്കാന്‍ സഹായിച്ചാല്‍ വലിയ ഉപകാരം.
ധാരാളം ക്ഷേമ പ്രവര്‍ത്തനം ചെയ്തു എന്ന് അവകാശപ്പെടുന്ന അങ്ങയോടു ഒരു കാര്യം കൂടി പറയട്ടെ. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ മുതല്‍ ഞങളുടെ നാട്ടില്‍ (ആനാട് പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ കുളവിയോടു) പൈപ്പില്‍ വെള്ളം ഇല്ല. ഇതിനുവേണ്ടി പഞ്ചായത്തു മെമ്പര്‍ മുതല്‍ എം എല്‍ എ വരെ ഉള്ളവരെ ബന്ധപ്പെട്ടെങ്കിലും ഒരു പ്രയോജനവും ഉണ്ടായില്ല. വാട്ടര്‍ അതോറിടി ഓഫിസില്‍ വിളിച്ചാല്‍ നോക്കാം നോക്കാം എന്ന് പറയുന്നതല്ലാതെ ഇതുവരെ ഒരു പരിഹാരം ഉണ്ടായില്ല. ജല വിഭവ വകുപ്പ് മന്ത്രിക്ക് പരാതി ഈമെയില്‍ അയച്ചെങ്കിലും അതിനും ഒരു പ്രതികരണം ഉണ്ടായില്ല.
ഇതൊക്കെയാണ് സര് ഞങ്ങളെ പോലുള്ള സാധാരണക്കരുടെ പ്രശ്നങ്ങള്‍. അടുത്ത വാര്‍ഷികത്തിന് മുമ്പെകിലും ഞങ്ങളെപ്പോലുള്ള സാധാരണക്കാരുടെ ദുരിതങ്ങള്‍ പരിഹരിക്കുവാന്‍ ശ്രമിക്കും എന്ന് കരുതുന്നു.
Discussion about this post