ഡല്‍ഹി: വിവാദമായ കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തില്‍ മാറ്റം വരുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഹര്‍ഷവര്‍ധനാണ് ഇക്കാര്യം അറിയിച്ചത്. കശാപ്പ് നിയന്ത്രണ വിജ്ഞാപനം സംബന്ധിച്ച പരാതികള്‍ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്ന് മന്ത്രി പറഞ്ഞു. കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിനോ മാട്ടിറച്ചി കഴിക്കുന്നതിനോ ഒരു തരത്തിലുള്ള നിയന്ത്രണവും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണങ്ങളും ആശങ്കയും സര്‍ക്കാര്‍ പരിഹരിക്കുമെന്നും ഹര്ഷവര്ധന് കൂട്ടിച്ചേര്‍ത്തു.
മൃഗങ്ങളോടുള്ള ക്രൂരത തടയണമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ ഇങ്ങനെയൊരു വിജ്ഞാപനം പുറപ്പെടുവിച്ചത്. ഒരു മാസത്തോളമായി ഇൗ വിജ്ഞാപനം വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ വെബ്സൈറ്റിലുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ചിലര്‍ വിജ്ഞാപനം തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതോടെയാണ് ഈ വിവാദങ്ങളെല്ലാം ഉണ്ടായത് – മന്ത്രി പറഞ്ഞു.
കന്നുകാലികളെ ചന്തയില്‍ കൊണ്ടു പോയി വില്‍ക്കുന്നതിനും വാങ്ങുന്നതിനും നിരോധനം ഏര്‍പ്പെടുത്തി കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം വലിയ പ്രതിഷേധം സൃഷ്ടിച്ചിരുന്നു.
ഇതിനെതിരെ രാജ്യവ്യാപകമായും പ്രത്യേകിച്ച് ദക്ഷിണേന്ത്യയില്‍ നിന്നുയര്‍ന്ന പ്രതിഷേധം കേന്ദ്രം ഗൗരവത്തോടെ എടുത്തതോടെയാണ് വിജ്ഞാപനത്തില്‍ തിരുത്ത് വരാനുള്ള വഴിയൊരുങ്ങിയത്.
കേന്ദ്രവിജ്ഞാപനം സംസ്ഥാന സര്‍ക്കാരുകളുടെ അധികാരത്തിലുള്ള കൈകടത്തലാണെന്നുള്ള വിമര്‍ശനവും കേന്ദ്രതീരുമാനത്തെ സ്വാധീനിച്ചു.
Discussion about this post