ഡല്‍ഹി: കൊല്ലപ്പെട്ട സുനന്ദ പുഷ്കറിന്റെ മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ് എന്നിവയില്‍ നിന്ന് നീക്കം ചെയ്ത വിവരങ്ങള്‍ ഡല്‍ഹി പൊലീസ് വീണ്ടെടുത്തു. സുനന്ദാ പുഷ്കര്‍ കൊലപാതകക്കേസില്‍ വളരെ നിര്‍ണായകമായ വിവരങ്ങളാണിതെന്ന് അന്വേഷണസംഘം പറഞ്ഞു.
ഗുജറാത്തിലെ ഫോറന്‍സിക് ലാബിലാണ് സുനന്ദയുടെ ഫോണും കമ്പ്യൂട്ടറുകളും പരിശോധിച്ചത്. സുനന്ദയുടെ മൊബൈല്‍ ഫോണ്‍, ലാപ്ടോപ് എന്നിവ ഫോറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ പരിശോധിച്ചാണ് നേരത്തേ മായ്ച്ചുകളഞ്ഞ സന്ദേശങ്ങള്‍ വീണ്ടെടുത്തതെന്നും ഇവ പരിശോധിച്ചുവരുകയാണെന്നും ഡല്‍ഹി പൊലീസ് കമീഷണര്‍ ബി.എസ്. ബസ്സി പറഞ്ഞു.
ഐ.പി.എല്‍ വിവാദം, ശശി തരൂര്‍-മെഹര്‍ തരാര്‍ ബന്ധം എന്നിവയിലേക്ക് വെളിച്ചം വീശുന്ന പരാമര്‍ശങ്ങള്‍ സന്ദേശത്തില്‍ ഉണ്ടോ എന്നറിയാനാണ് പരിശോധന. ഐ.പി.എല്‍ വിവാദവുമായി ബന്ധപ്പെട്ട് സുപ്രധാന വിവരങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്ന് സുനന്ദ മരണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ സൂചിപ്പിച്ചിരുന്നുവെന്ന് അവരുമായി അടുപ്പമുള്ള ചില മാധ്യമപ്രവര്‍ത്തകര്‍ നേരത്തേ പൊലീസിന് മൊഴിനല്‍കിയിരുന്നു.
സന്ദേശങ്ങളുടെ പരിശോധനക്കുശേഷം ആവശ്യമെങ്കില്‍ ശശി തരൂറിനെ വീണ്ടും ചോദ്യം ചെയ്യുന്നതിനായി വിളിപ്പിക്കുമെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി.
Discussion about this post