കശ്മീര്‍: സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ സബ്സര്‍ ബട്ടിന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുത്ത തീവ്രവാദി പൊലീസില്‍ കീഴടങ്ങി. കുല് ഗാം സ്വദേശിയായ ദാനിഷ് അഹമ്മദാണ് ഹിന്ദ്വാര സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ത്രാലില്‍ നടന്ന സബ്സര്‍ ബട്ടിന്റെ മരണാനന്തചടങ്ങില് ദാനിഷ് ഉള്‍പ്പെടെ നിരവധി ഹിസ്ബുല്‍ മുജാഹിദ്ദീന്‍ അനുകൂലികള്‍ പങ്കെടുത്തിരുന്നു.
ഡെറാഡൂണിലെ ഡൂണ്‍ പി.ജി കോളജ് ഓഫ് അഗ്രികള്‍ച്ചര്‍, സയന്‍സ് ആന്റ് ടെക്നോളജിയില്‍ മൂന്നാം വര്‍ഷ ബി.എസ്.സി വിദ്യാര്‍ഥിയാണ് ദാനിഷ്. ഹിന്ദ്വാരയില്‍ പൊലീസിനുനേരെ കല്ലെറിഞ്ഞ സംഭവത്തില്‍ പ്രതിയാണ് ഇയാള്‍.
താഴ്വരയില് തീവ്രവാദ പ്രവര്‍ത്തനം നടത്തുന്ന നിരവധി ചെറുപ്പക്കാര്‍ക്ക് പൊലീസില്‍ കീഴടങ്ങാന്‍ താല്പര്യമുണ്ടെങ്കിലും പ്രാദേശിക കമാന്‍ഡര്‍മാരില്‍ നിന്നുള്ള ഭീഷണിമൂലം സംഘടനയില്‍ തുടരേണ്ട അവസ്ഥയാണുള്ളതെന്ന് ദാനിഷ് മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു.
തീവ്രവാദികള്‍ അവര്‍ക്കായി നിശ്ചിയിച്ചിട്ടുള്ള ഏരിയകളില്‍ ഭീഷണിപ്പെടുത്തല്‍, പിടിച്ചുപറി, കവര്‍ച്ച തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചെയ്യാറുണ്ട്. പ്രദേശത്തെ പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ നായക പരിവേഷം ലഭിക്കുന്നതിനാണ് ചിലരെങ്കിലും തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് മാറുന്നത്. ചില സാഹചര്യങ്ങളില്‍ ഗ്രാമീണര്ക്കിടയിലുണ്ടാകുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാനും കൊള്ളപലിശക്കാര്‍ പോലുള്ളവര്‍ക്കെതിരെ നടപടിയെടുക്കാനും ഇവര്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ പാകിസ്ഥാനില്‍ നിന്നും സംഘടനയിലേക്ക് പണമെത്തുന്നതിനെ കുറിച്ച് അറിവില്ലെന്നും ദാനിഷ് വെളിപ്പെടുത്തി.
സബ്സര്‍ ബട്ടിന്റെ സംസ്കാരചടങ്ങില്‍ ദാനിഷ് അഹമ്മദ് പങ്കെടുക്കുന്നതിന്റെയും മുദ്രാവാക്യം വിളിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.
Discussion about this post