കേന്ദ്രസര്‍ക്കാര്‍ കറന്‍സി രഹിത ഇടപാടുകളെ പ്രോത്സാഹിപ്പിക്കുമ്പോള്‍ അതിന്റെ ചുവടുപിടിച്ച് രാജ്യത്തെ ഏറ്റവും വലിയ ഇ-കൊമേഴ്സ്, പേയ്മെന്റ് കമ്പനിയായ പേടിഎം ട്രാഫിക് മേഖലയ്ക്ക് ഉപകാരപ്രദമായ പുതിയ സംവിധാനവുമായി രംഗത്ത്. ഗതാഗത നിയമം തെറ്റിച്ചതിനും മറ്റും ട്രാഫിക് പോലീസ് ചുമത്തുന്ന ചെല്ലാന്‍ പിഴതുക ഓണ്‍ലൈന്‍ വഴി അടയ്ക്കാനുള്ള സേവനം ഇനി മുതല്‍ ലഭ്യമാകും. ഇതോടെ ട്രാഫിക് ചലാന്‍ അടയ്ക്കാന്‍ ഇനി കോടതികളിലേക്ക് ഓടേണ്ട ആവശ്യമില്ല.
പിഴ ഉടന്‍ അടച്ച് യാത്ര തുടരാം. ആദ്യ ഘട്ടത്തില്‍ മുംബൈ, പൂനെ, വിജയ്വാഡ എന്നീ മൂന്നു നഗരങ്ങളില്‍ മാത്രമാണ് സേവനം ലഭ്യമാകുക. വരും ദിവസങ്ങളില്‍ കൂടുതല്‍ നഗരങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കും.
ഇപ്പോള്‍ മൂന്ന് നഗരങ്ങളിലേയും പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ വെബ്സൈറ്റില്‍ പേയ്മെന്റ് മോഡില്‍ ഓണ്‍ലൈന്‍ പേടിഎം ഓപ്ഷന് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. പേടിഎം വെബ്സൈറ്റിലും മൊബൈല്‍ ആപ്ലിക്കേഷനിലും സേവനം ലഭ്യമാകും. പിഴ അടയ്ക്കാനുള്ള ഏറെ നേരത്തെ സമയ നഷ്ടത്തിനും ഇതോടെ പരിഹാരമാകും. സ്ഥലം, വാഹന നമ്പര്‍, ചലാന്‍ വിവരങ്ങള്‍ എന്നിവ നല്കിയാല് നിമിഷങ്ങള്‍ക്കകം പിഴതുക അടയ്ക്കാം.
ഉടന്‍ ഡിജിറ്റല്‍ ഇന്‍വോയ്സ് ലഭിക്കും. ക്രെഡിറ്റ്, ഡെബിറ്റ്, നെറ്റ് ബാങ്കിങ്, പേടിഎം വാലറ്റ് എന്നിവയില്‍ ഏത് പെയ്മെന്റ് ഓപ്ഷന് വേണമെങ്കിലും തിരഞ്ഞെടുക്കാം. പിഴ അടച്ച ശേഷം ചെക്കിങ് സമയത്ത് പോലീസ് പിടിച്ചെടുത്ത രേഖകള്‍ പോസ്റ്റോഫീസ് വഴി ദിവസങ്ങള്‍ക്കകം നിയമലംഘകന്റെ വീട്ടിലെത്തും.
Discussion about this post