പാലക്കാട്: ജാതി വിവേചനം നിലനില്‍ക്കുന്ന പാലക്കാട് ഗോവിന്ദാപുരത്തെ ചക്കിലിയാര്‍ കോളനിയെ തിരിഞ്ഞു നോക്കാതെ മനുഷ്യാവകാശ കമ്മീഷനും പട്ടികജാതി കമ്മീഷനും. സ്ഥലം സന്ദര്‍ശിക്കല്‍ അടക്കമുള്ള നടപടികളാണ് വൈകുന്നത്.
തങ്ങള്‍ക്കെതിരെ സവര്‍ണ്ണര്‍ അയിത്തം കാണിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ചക്കിലിയര്‍ നല്കിയ പരാതിയില്‍ ഇതുവരെയും നടപടിയുണ്ടായിട്ടില്ല. കലക്ടര്‍, എസ്പി തുടങ്ങിയവര്‍ക്കും ചക്ലിയര്‍ പരാതി നല്‍കിയിരുന്നു. രാഷ്ട്രീയ പ്രവര്ത്തകന് ബോബന് മാട്ടുമന്ത ജൂണ്‍ മൂന്നിന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അടിയന്തിര നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശം നല്‍കിയിട്ടും കാര്യമുണ്ടായില്ല. കലക്ടര്‍ക്ക് മുഖ്യമന്ത്രി രേഖാമൂലം നിര്‍ദേശം നല്കിയ കാര്യം മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചെങ്കിലും, ഒരാഴ്ച കഴിഞ്ഞിട്ടും സ്ഥലം സന്ദര്‍ശിക്കാനോ നടപടിയെടുക്കാനോ കലക്ടര്‍ തയ്യാറായില്ല.
ജില്ലാ പൊലീസ് മേധാവിയോട് സ്ഥലം സന്ദര്‍ശിക്കാന്‍ നിര്‍ദേശം നല്‍കുകയാണ് കലക്ടര്‍ ചെയ്തത്. ജൂണ്‍ ആറിന് ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലം സന്ദര്‍ശിച്ചതാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ആകെയുണ്ടായിരുന്ന നടപടി. അംബേദ്കര്‍ കോളനിയില്‍ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കണമെന്ന് എസ്പി പ്രതീഷ് കുമാര്‍ അറിയിച്ചിരുന്നു. ദലിതര്‍ക്കെതിരെ ഭീഷണിയുയര്‍ത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും പ്രതീഷ് കുമാര്‍ അറിയിച്ചിരുന്നു.
Discussion about this post