ഡല്‍ഹി: സര്‍ക്കാര്‍ ഭൂമിയിലെ കെട്ടിടം കയ്യേറി അനധികൃതമായി പാര്‍ട്ടി ഓഫീസ് തുടങ്ങിയതിന് ആംആദ്മി പാര്‍ട്ടിക്ക് കെജ്രിവാള് സര്‍ക്കാര്‍ നോട്ടീസ് നല്കി. ഡല്‍ഹി സര്‍ക്കാരിന്റെ പൊതുമരാമത്ത് വകുപ്പാണ് ആം ആദ്മി പാര്‍ട്ടി ദേശീയ സെക്രട്ടറി പങ്കജ് ഗുപ്തയ്ക്ക് 27 ലക്ഷം രൂപ പിഴയടക്കണം എന്ന നോട്ടീസയച്ചത്.
ലൈസന്‍സ് തുകയുടെ 65 മടങ്ങ് വരും പിഴ തുക. വടക്കന്‍ ഡല്‍ഹിയി റോസ് അവന്യൂവിലെ 206-ാം നമ്പര്‍ സര്‍ക്കാര്‍ കെട്ടിടം പാര്‍ട്ടി ഒഴിയുന്നത് വരെ ഈ തുക വര്‍ധിപ്പിച്ചു കൊണ്ടേയിരിക്കുമെന്നും പൊതുമരാമത്ത് നോട്ടീസില്‍ പറയുന്നു. പാര്‍ട്ടി ഓഫീസ് അടിയന്തിരമായി ഒഴിയണമെന്നാവശ്യപ്പെട്ട് ഏപ്രിലിലാണ് പൊതുമരാമത്ത് വകുപ്പ് പാര്‍ട്ടി നേതാവ് അരവിന്ദ് കേജ് രിവാളിന് നോട്ടീസയയ്ക്കുന്നത്. പാര്‍ട്ടിക്ക് ഓഫീസ് അനുവദിച്ചത് ചട്ടങ്ങള്‍ പാലിക്കാതെയെന്നായിരുന്നു പരാതി.
എന്നാല്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്തരത്തില്‍ ബംഗ്ലാവുകള്‍ പാര്‍ട്ടി ഓഫീസുകളായി പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്നും അതിനാല്‍ തങ്ങളെ മാത്രം ലക്ഷ്യം വെക്കുന്നതിന് നിയമ മാര്‍ഗ്ഗം സ്വീകരിക്കുമെന്നായിരുന്നു പാര്‍ട്ടി അന്ന് സ്വീകരിച്ച നിലപാട്. സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് ഉപയോഗിക്കാനുള്ള പ്രത്യേക അവകാശം നല്കന്ന നയം 2015ലാണ് ആംആദ്മി സര്‍ക്കാര്‍ കൊണ്ടു വന്നത്.
Discussion about this post