ബര്‍മിങ്ങാം: ചാംപ്യന്‍സ് ട്രോഫി സെമിയില്‍ ഇന്ത്യയ്ക്കു ബ്രേക്ക് ത്രൂ നല്‍കിയ കേദാര്‍ ജാദവിനെ കണ്ടെത്തിയത് ആരെന്ന് വെളിപ്പെടുത്തലുമായി ഇന്ത്യന്‍ ടീം നായകന് വിരാട് കൊഹ്ലി.
”ബംഗ്ല ബാറ്റ്‌സ്മാന്മാര്‍ ഇന്ത്യന്‍ ബോളര്‍മാരെ അനായാസം നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ കേദാര്‍ ജാദവിനു പന്തു നല്‍കാന്‍ നിര്‍ദേശിച്ചതു ധോണിയാണ്. ആ തീരുമാനം ശരിയായിരുന്നു. തമീം ഇക്ബാലിനെയും പിന്നാലെ മുഷ്ഫിഖുര്‍ റഹ്മാനെയും വീഴ്ത്തി കേദാര്‍ ജാദവ് ഇന്ത്യയെ കളിയിലേക്കു തിരിച്ചുകൊണ്ടുവന്നു. അതിനാല്‍ ക്രെഡിറ്റ് എനിക്കല്ല, ധോണിക്കാണ്.”
ക്യാപ്റ്റനായിരിക്കെ, രവീന്ദ്ര ജഡേജയെ നിര്‍ണായക സമയങ്ങളില്‍ പന്തേല്‍പിച്ച് അദ്ഭുതം കാട്ടിയ ധോണിയുടെ പുതിയ കണ്ടെത്തലാണു കേദാര്‍ ജാദവ്. മല്‍സരശേഷം ജാദവും ഇതേക്കുറിച്ചു പറഞ്ഞു: ”പരിശീലന സമയത്തും അല്ലാത്തപ്പോഴും ഞാന്‍ കൂടുതല്‍ സമയം ധോണിയുടെ ഒപ്പമാണു ചെലവഴിക്കുക. അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ കേള്‍ക്കും. അതു വളരെയേറെ ഗുണം ചെയ്യുന്നു”
ബാറ്റ്‌സ്മാനായി ടീമിലെത്തിയ ജാദവ് നെറ്റില്‍ ബോളിങ് കാര്യമായി പ്രാക്ടീസ് ചെയ്യാറില്ലായിരുന്നു. ഇപ്പോള്‍ ദിവസവും പ്രാക്ടീസ് നിര്‍ബന്ധം. സര്‍പ്രൈസ് ബോളര്‍ എന്നനിലയിലാണു പലപ്പോഴും രംഗത്തു വരിക. ന്യൂസീലന്‍ഡിനെതിരെ കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ നടന്ന ഏകദിന പരമ്പരയില്‍ ധോണി രഹസ്യായുധമായി ജാദവിനെ ഉപയോഗിച്ചു വിജയിച്ചിരുന്നു. ബംഗ്ലദേശിന്റെ രണ്ടു വിക്കറ്റുകളുള്‍പ്പെടെ ജാദവിന്റെ നേട്ടം ഇപ്പോള്‍ എട്ടു വിക്കറ്റ്. എട്ടുപേരും മുന്‍നിര ബാറ്റ്‌സ്മാന്മാരാണെന്നതു ജാദവിന്റെ മൂല്യം വര്‍ധിപ്പിക്കുന്നു.
Discussion about this post