കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പ്രതി പള്‍സര്‍ സുനി ജയിലില്‍ നിന്ന് നടന്‍ ദിലീപിനയച്ച കത്ത് പുറത്ത്. ഏപ്രില്‍ 12ന് എഴുതിയ കത്ത് ജയില്‍ സൂപ്രണ്ടിന്റെ സീലോടുകൂടിയ പേപ്പറിലാണുള്ളത്. ദിലീപും പള്‍സര്‍ സുനിയുമായുള്ള അടുത്ത ബന്ധത്തെക്കുറിച്ചും, നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പങ്കിനെക്കുറിച്ചും പോലും സംശയം ഉയര്‍ത്തുന്നതാണ് കത്തിലെ പരാമര്‍ശങ്ങള്‍. കേസില്‍ ഇത് സുപ്രധാന തെളിവാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഒരുപാട് ബുദ്ധിമുട്ടിയാണ് കത്തയയ്ക്കുന്നതെന്നും പള്‍സര്‍ പറഞ്ഞാണ് കത്ത് ആരംഭിക്കുന്നത്. സെന്‍ട്രല്‍ ജയിലിന്റെ സീലുള്ള കത്താണ് പള്‍സര്‍ സുനി ദിലീപിന് അയച്ചിരിക്കുന്നത്. സഹതടവുകാരനായ വിഷ്ണുവിന്റെ കൈവശമാണ് കത്ത് കൊടുത്തയച്ചിരിക്കുന്നത്. ഒളിവില്‍ കഴിയവെ ദിലീപിന്റെ കാക്കനാട്ടെ കടയില്‍ പള്‍സര്‍ സുനി എത്തിയിരുന്നു. അപ്പോള്‍ ദിലീപിനെ കാണാനായില്ലെന്നും കത്ത് വ്യക്തമാക്കുന്നു. തന്റെ ജീവിതം അവസാനിച്ചതുപോലെയാണിപ്പോള്‍, സ്വന്തം കാര്യം ഇപ്പോള്‍ നോക്കുന്നില്ല. പക്ഷെ കൂടെ നിന്ന അഞ്ചുപേരെ സുരക്ഷിതരാക്കിയേ പറ്റൂവെന്നും ദീലിപിനയച്ച കത്തില്‍ പള്‍സര്‍ സുനി വ്യക്തമാക്കുന്നു. നടിയെ ആക്രമിക്കാനുള്ള ക്വട്ടേഷന്‍ തന്നെ ഏല്‍പ്പിച്ചയാളുടെ പേര് പറയാന്‍ പലരും നിര്‍ബന്ധിക്കുന്നുവെന്നും പള്‍സര്‍ സുനി പറയുന്നു.
ബലിയാടാകരുതെന്ന് ഉപദേശിക്കുന്നവരില്‍ നടിയുടെ ആളുകളും ദിലീപിന്റെ ശത്രുക്കളുണ്ട്. ഈ കാര്യം ചെയ്യാന്‍ തന്നെ ഏല്‍പ്പിച്ച ആളുടെ പേര് പറയുകയാണെങ്കില്‍ നടി പോലും മാപ്പ് പറയുമായിരുന്നുവെന്നും പള്‍സര്‍ കത്തില്‍ പറയുന്നു. നടിയുടെ ആളുകളും ദിലീപിന്റെ ശത്രുക്കളും വന്നുകാണുന്നുണ്ട്. തനിക്ക് വേണ്ടി ദിലീപിന് ഒരു വക്കീലിനെയെങ്കിലും ഏല്‍പ്പിക്കാമായിരുന്നുവെന്നും കത്തില്‍ പറയുന്നു.
എല്ലാക്കാര്യത്തിനും പള്‍സര്‍ ബന്ധപ്പെട്ടിരുന്നത് നാദിര്‍ഷയെയായിരുന്നുവെന്നും കത്ത് സൂചന നല്‍കുന്നു. നാദിര്‍ഷയെ വിളിച്ച് ഇക്കാര്യങ്ങളെല്ലാം പറഞ്ഞിരുന്നു. നാദിര്‍ഷയെ വിശ്വസിക്കണോ വേണ്ടയോ എന്ന് കത്ത് വായിച്ച ശേഷം ദിലീപേട്ടന്‍ പറയണം. താന്‍ ഇനി എന്താണ് ചെയ്യേണ്ടത് എന്ന് ദിലീപ് പറഞ്ഞാല്‍ മതിയെന്നും പള്‍സര്‍ സുനി പറയുന്നു. ദിലീപ് എന്നെ ശത്രുവായി കാണുന്നോ മിത്രമായി കാണുന്നോ അറിയേണ്ട കാര്യമില്ലെന്നും പള്‍സര്‍ പറയുന്നു. തനിക്ക് പൈസയാണ് ആവശ്യം. അത്രയ്ക്ക് ബുദ്ധിമുട്ടായതുകൊണ്ടാണ് കത്തെഴുതുന്നതെന്നും പള്‍സര്‍ സുനി പറയുന്നു. സൗണ്ട് തോമ മുതല്‍ ജോസേട്ടന്‍സ് പൂരം വരെയുള്ള കാര്യങ്ങള്‍ ആരോടും പറഞ്ഞിട്ടില്ല. കത്തെഴുതാനുള്ള തന്റെ സാഹചര്യം മനസിലാകുമല്ലോയെന്നും പള്‍സര്‍ ചോദിക്കുന്നുണ്ട്.
തരാമെന്ന് പറഞ്ഞ പണം പൂര്‍ണമായി ഇപ്പോള്‍ വേണ്ടെന്നും അഞ്ചു മാസം കൊണ്ട് തന്നു തീര്‍ത്താല്‍ മതിയെന്നും കത്തില്‍ പള്‍സര്‍ വ്യക്തമാക്കുന്നു. പണം അഞ്ചുമാസം കൊണ്ട് തന്നാല്‍ മതി. തീരുമാനമറിയാന്‍ താന്‍ നാദിര്‍ഷയെ വിളിക്കും. വിളിക്കുന്നത് ഇഷ്ടമല്ലെങ്കില്‍ തന്റെ അടുത്തേക്ക് ആളെ വിടണം. ഇല്ലെങ്കില്‍ ദിലീപ് ഒപ്പമുണ്ടെന്ന് അറിയിക്കാനായി ജയിലിലെ തന്റെ നമ്പറിലേക്ക് 300 രൂപ മണിയോര്‍ഡറയക്കണമെന്നും പള്‍സര്‍ സുനി ആവശ്യപ്പെടുന്നു. മണിയോര്‍ഡര്‍ കിട്ടിയാല്‍ താന്‍ ദിലീപ് ഒപ്പമുണ്ടെന്ന് വിശ്വസിച്ചോളാം. ഒരുപാട് കാര്യങ്ങള്‍ നേരിട്ട് പറയണമെന്നുണ്ട്, എപ്പോള്‍ പറയാനാകുമെന്ന് പറയാനാകില്ല. മൂന്ന് ദിവസം താന്‍ മറുപടിക്കായി കാക്കുമെന്നും കത്ത് സൂചിപ്പിക്കുന്നു.
താന്‍ ചേട്ടനെ കൈവിട്ടിട്ടില്ലെന്നും പള്‍സര്‍ ദിലീപിന് ഉറപ്പുനല്‍കുന്നു. പക്ഷെ ഇനിയും സമയം കളയാനില്ല. വേണ്ടത് ചേട്ടന്‍ ആലോചിച്ച് ചെയ്യുക. തീരുമാനം അനുകൂലമാണെങ്കില്‍ കത്ത് കൊണ്ടുവരുന്ന വിഷ്ണുവിനോട് പറയണമെന്നും പള്‍സര്‍ സുനി കത്തില്‍ പറയുന്നു. കത്ത് വായിക്കുന്നതുവരെ ദിലീപ് സെയ്ഫാണ്. അത്യാവശ്യമായതുകൊണ്ടാണ് ബുദ്ധിമുട്ടിക്കുന്നതെന്നും കത്ത് പറഞ്ഞുവെക്കുന്നു. ‘ബാക്കി അടുത്ത കത്തില്‍’ എന്നും കത്തിന്റെ അവസാനം എഴുതിയിരിക്കുന്നു. ‘എന്ന് ഇതുവരെ വിശ്വസ്തതയോടെ’ എന്നും പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.
അതേസമയം തങ്ങളെ പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ഭീഷണിപ്പെടുത്തിയെന്ന് കാട്ടി നടന്‍ ദിലീപും സംവിധായകന്‍ നാദിര്‍ഷയും രംഗത്തെത്തിയിരിക്കുകയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇരുവരും പൊലീസില്‍ പരാതി നല്‍കി. ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ സഹിതമാണ് ഇരുവരും ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്. പള്‍സര്‍ സുനിയുടെ സഹതടവുകാരനായ വിഷ്ണു തങ്ങളെ ഭീഷണിപ്പെടുത്തിയെന്നാണ് ദിലീപും നാദിര്‍ഷയും പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
Discussion about this post