പോര്‍ട്ട് ഓഫ് സ്പെയിന് : വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ തകര്‍പ്പന്‍ വിജയം നേടിയപ്പോള്‍ ഇന്ത്യ കുറിച്ചത് മറ്റൊരു ലോക റെക്കോഡ് കൂടി. ഇന്നിംഗ്സ് സ്കോര്‍ 300 ന് മുകളില്‍ ഏറ്റവും കൂടുതല്‍ തവണ സ്കോര്‍ ചെയ്യുന്ന ടീമെന്ന ബഹുമതി. കരുത്തരായ ഓസ്ട്രേലിയയില്‍ നിന്നും ആണ് ബഹുമതി പിടിച്ചു വാങ്ങിയത്. വെസ്റ്റിന്‍ഡീസിനെതിരേ ഞായറാഴ്ച കുറിച്ച 43 ഓവറില്‍ 310 എന്ന സ്കോര്‍ ഇന്ത്യ 300 ന് മുകളില്‍ സ്കോര്‍ ചെയ്യുന്ന 96-ാമത്തെ മത്സരമായി മാറി.
300 ന് മുകളില്‍ ഓസ്ട്രേലിയ സ്കോര്‍ ചെയ്തത് 95 തവണയാണ്. ഇതാണ് ഇന്ന് തകര്‍ത്തത്. 1996-ല്‍ ഷാര്‍ജയില്‍ പാകിസ്ഥാനെതിരേയായിരുന്നു ഇന്ത്യ ആദ്യമായി 300 കടന്നത്. ഇക്കാര്യത്തില്‍ ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും പിന്നില്‍ 77 തവണ മുന്നൂറ് കടന്നിട്ടുള്ള ദക്ഷിണാഫ്രിക്കയാണ്. ഇന്തയെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ തോല്‍പ്പിച്ച് കിരീടം നേടിയ പാകിസ്ഥാന് 300 ന് മുകളില്‍ സ്കോര്‍ ചെയ്യാനായത് 69 തവണയാണ് ശ്രീലങ്ക 63 തവണയും ഇംഗ്ളണ്ട് 57 തവണയും ന്യൂസിലന്റ് 51 തവണയുമാണ് ഏകദിനത്തില്‍ 300 കടന്നിട്ടുള്ളത്.
രണ്ടാം ഏകദിനത്തില്‍ അജിങ്ക്യാ രഹാനേയുടെ സെഞ്ച്വറിയായിരുന്നു ഇന്ത്യന്‍ സ്കോര്‍ 300 കടത്താന്‍ സഹായിച്ചത്. അര്‍ദ്ധശതകം നേടിയ ഓപ്പണര്‍ ശിഖര്‍ ധവാനൊപ്പം 114 റണ്‍സ് കൂട്ടുകെട്ട് ഉണ്ടാക്കിയ രഹാനേ അതിന് ശേഷം വന്ന കോഹ്ലിയുമായും മികച്ച ഇന്നിംഗ്സ് പടുത്തുയര്‍ത്തി. പരിശീലകന് അനില്‍ കുംബ്ളേയുമായുള്ള കലഹവും ഉരസലുമൊക്കൊ വിവാദത്തില്‍ എത്തിച്ചെങ്കിലും നായകന് വിരാട് കോഹ്ലിക്ക് ഈജയം മറ്റൊരു പൊന്‍തൂവലായി മാറി.
ഇന്ത്യയില്‍ ഏറ്റവും ആരാധകരും തനിക്കാണെന്ന് കോഹ്ലി തെളിയിച്ചിരിക്കുകയാണ്. ഫേസ്ബുക്കില്‍ അദ്ദേഹത്തിനെ ഫോളോ ചെയ്യുന്നത് 35 ദശലക്ഷം പേരാണ്. 42.2 ദശലക്ഷം പേര് പിന്തുടരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തൊട്ടു പിന്നില്‍ രണ്ടാമത്. ബോളിവുഡ് താരം സല്മാന് ഖാന് പോലും ടീം ഇന്ത്യയുടെ നായകന് പിന്നിലായി. കോഹ്ലിക്ക് 16 ദശലക്ഷം ഫോളോവേഴ്സ് ട്വിറ്ററിലും 14 ദശലക്ഷം പേര് ഇന്‍സ്റ്റാഗ്രാമിലും പിന്തുടരുന്നവരായി ഉണ്ട്. അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ 1-0 ന്റെ ലീഡിലേക്ക് എത്താന്‍ വെസ്റ്റിന്‍ഡീസില്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിരിക്കുകയാണ്.
Discussion about this post