ധ്യേയാ ചിപ്പു
ഡിജിപി സ്ഥാനത്ത് നിന്ന് വിരമിക്കുന്ന ടി.പി സെന്‍കുമാര്‍ തൊപ്പിയുടെ ഭാരമില്ലാതെ ഇനി പൊതുരംഗത്തുണ്ടാകും. താന്‍ ജനക്ഷേമത്തിനായി ഇനിയും പൊതുരംഗത്ത് സജീവമായി ഉണ്ടാകുമെന്നാണ് പോലിസ് ആസ്ഥാനത്ത് നടന്ന വിടവാങ്ങല്‍ ചടങ്ങില്‍ സെന്‍കുമാര്‍ പറഞ്ഞത്.
ഇന്നത്തേക്കാള്‍ ആരോഗ്യത്തോടെ താന്‍ പൊതുജീവിതത്തിലുണ്ടാകുമെന്ന് എല്ലാവരെയും ഓര്‍മിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മതതീവ്രവാദവും, ഇടതുപക്ഷ തീവ്രവാദവും കേരളത്തിന് ഭീഷണിയാണ് . പാവപ്പെട്ടവരോടും സ്ത്രീകളോടും കുട്ടികളോടും ഏറ്റവും നന്നായി വേണം പോലീസുകാര്‍ പെരുമാറാന്‍. പോലീസുകാര്‍ ഓരോരുത്തര്‍ക്കും അവരുടേതായ രാഷ്ട്രീയവിശ്വാസങ്ങള്‍ ഉണ്ടായിരിക്കാം. പക്ഷേ ആ വിശ്വാസം മാറ്റിവെച്ച് വേണം പെരുമാറാന്‍. പോലീസില്‍ ക്രിമിനലുകളുടെ എണ്ണം കൂടിവരുകയാണെന്ന് ഡിജിപി ടി.പി സെന്‍കുമാര്‍പറഞ്ഞു. കോണ്‍സ്റ്റബിള്‍ തലത്തിലുള്ളതിനെക്കാള്‍ കൂടുതല്‍ ക്രിമിനല്‍ സ്വഭാവമുള്ളവര്‍ ഉയര്‍ന്ന റാങ്കുകളിലാണ്. ഐ.പിഎസ് തലത്തിലാണ് ക്രിമിനിലുകള്‍ കൂടുതല്‍. താഴെതട്ടില്‍ ഒരു ശതമാനമാണ് ക്രിമിനലുകലെങ്കില്‍ ഐപിഎസ് തലത്തില്‍ അത് നാല് ശതമാനം വരെയാണെന്നും സെന്‍കുമാര്‍ പറഞ്ഞു.
പോലീസിന് ഭീഷണി സേനയ്ക്കുള്ളില്‍ നിന്ന് തന്നെയാണ്. നമ്മള്‍ ആദ്യ നിയമം പാലിക്കണം എന്നിട്ടേ മറ്റുള്ളവരെ നിര്‍ബന്ധിക്കാവൂവെന്ന് അദ്ദേഹം പോലീസ് സേനയോട് അഭ്യര്‍ഥിച്ചു. സത്യസന്ധമായി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുക. മറ്റൊരു മനുഷ്യന്റെ വേദനയും പ്രയാസവും കണ്ട് തീരുമാനമെടുക്കണം. ഇത്ര സമയത്തിനുള്ളില്‍ ഒരു കേസിലും പ്രതിയെ പിടിക്കണം എന്നൊന്നുമില്ല. ഇതൊന്നും ഒരു നിയമവും അനുശാസിക്കുന്നില്ല. ഇല്ലാത്ത പ്രതിയെ ഉണ്ടാക്കുന്നതിന് കൂട്ടുനില്‍ക്കരുത്. കേസിനെ സംബന്ധിച്ച് പത്രങ്ങളില്‍ എങ്ങനെ വാര്‍ത്തവരുന്നു എന്നതല്ല പ്രധാനം. കോടതിയില്‍ എങ്ങനെ അവതരിപ്പിക്കുന്നു എന്നതിനാണ് മുന്‍തൂക്കം നല്‍കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
നീതിമാനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന് പൊതുജനം നല്‍കിയ ബഹുമതി ഏറ്റുവാങ്ങിയാണ് അദ്ദേഹം പോലിസ് ജീവിതത്തിന് വിരാമമിടുന്നത്. അവസാനകാലഘട്ടത്തില്‍ പിണറായി സര്‍ക്കാരിനെതിരെ അദ്ദേഹം നടത്തിയ നിയമപോരാട്ടവും, അതില്‍ നേടിയ വിജയവും അദ്ദേഹത്തെ പോരാളി കൂടിയാക്കി മാറ്റി. സര്‍ക്കാരിന് അവര്‍ക്ക് താല്‍പര്യമുള്ളവരെ സ്ഥലം മാറ്റാനും തരം താഴ്ത്താനും കഴിയുമെന്ന ധാര്‍ഷ്ട്‌യത്തിന് സുപ്രിം കോടതിയില്‍ നിന്ന് അദ്ദേഹം നേടിയ വിധി തിരിച്ചടിയായി. തന്നെ പോലിസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയ സര്‍ക്കാര്‍ നടപടി സുപ്രിം കോടതി ഉത്തരവിന്റെ ലംഘനമാണ് എന്ന് സ്ഥാപിക്കാനായത് ഇന്ത്യന്‍ ഉദ്യോഗസ്ഥ മേഖലയ്ക്ക് തന്നെ നല്‍കിയ ആത്മിവിശ്വാസവും മാര്‍ഗ്ഗ നിര്‍ദ്ദേശവും ചരിത്രത്തില്‍ കുറിക്കപ്പെട്ടു.
കഴിവുകെട്ടവനെന്നു മുദ്രകുത്തി ടി പി സെന്‍കുമാറിനെ സംസ്ഥാന പോലീസ് മേധാവി എന്ന പദവിയില്‍ നിന്ന് മാറ്റിയ ഇടത് സര്‍ക്കാരിന് സെന്‍കുമാര്‍ നല്‍കിയ തിരിച്ചടി അദ്ദേഹത്തിന്റെ ആദര്‍ശധീരതയ്ക്ക് തിളക്കം കൂട്ടി.തനിക്കെതിരെ സിപിഎമ്മിനുള്ള പക വീട്ടുകയാണ് സര്‍ക്കാര്‍ എന്നായിരുന്നു സെന്‍കുമാറിന്റെ വാദം. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎം ഗുണ്ടകളെയും, പാര്‍ട്ടി നേതാക്കന്മാരെയും പ്രതികളാക്കിയതിന്റെ പകയാണ് സര്‍ക്കാരിന് എന്ന് തെളിയിക്കാനും സെന്‍കുമാറിന് കഴിഞ്ഞു. തന്നോട് നിരന്തര വൈരാഗ്യം വച്ചു പുലര്‍ത്തിയ ചീഫ് സെക്രട്ടറി
നളിനി നെറ്റൊ മാപ്പപേക്ഷിച്ചു ജയിലില്‍ പോകാതെ രക്ഷപെടേണ്ടി വന്നു എന്നതും സെന്‍കുമാറിന്റെ നിശ്ചയദാര്‍ഢയത്തിന്റെ വിജയമായി. ഇന്ത്യയുടെ സിവില്‍ സര്‍വീസ് ചരിത്രത്തിലും, നിയമ പുസ്തകങ്ങളിലും ടി പി സെന്‍കുമാര്‍ എഗയിന്‍സ്റ്റ് കേരള സര്‍ക്കാര്‍ എന്ന കേസിലെ ഉത്തരവ് ജനാധിപത്യം ഇന്ത്യയില്‍ നിലനില്‍ക്കുന്നിടത്തോളം കാലം ഉണ്ടാകും.
50 ദിവസത്തോളം വീണ്ടും പോലിസ് മേധാവി സ്ഥാനത്ത് ഇരുന്ന ശേഷമാണ് സെന്‍കുമാര്‍ വിരമിച്ചത്. നടി അക്രമിക്കപ്പെട്ട കേസിലെ അന്വേഷണം മരവിപ്പിക്കാനുള്ള ശ്രമത്തെ തകര്‍ത്ത് വീണ്ടും വിഷയം സജീവമാക്കിയത് സെന്‍കുമാറിന്റെ ഇടപെടലുകളാണ് എന്നാണ് സൂചന. അന്വേഷണം ശരിയായ രീതിയിലല്ല എന്ന സര്‍ക്കുലറും പുറത്തിറക്കിയാണ് സെന്‍കുമാര്‍ പടിയിറങ്ങിയത്. സുപ്രിംകോടതി തിരിച്ചുനല്‍കിയ കസേരയിലിരുന്ന് ചില നിര്‍ണായക തീരുമാനങ്ങള്‍ സെന്‍കുമാര്‍ എടുത്തുവെന്നാണ് വിവരം. ടോമിന്‍ തച്ചങ്കരിയെ പോലിസ് ആസ്ഥാനത്ത് കൊണ്ടുവന്ന് സെന്‍കുമാറിനെ ഒതുക്കാന്‍ പിണറായി സര്‍ക്കാര്‍ കാണിച്ച അതിബുദ്ധിയും തിരിച്ചടിച്ചു. പോലിസ് രഹസ്യങ്ങള്‍ ചോര്‍ത്താനാണോ തച്ചങ്കരിയെ നിയമിച്ചത് എന്ന വിമര്‍ശനം ഉയര്‍ത്തിയത് കേരള ഹൈക്കോടതിയാണ്. സിപിഎം കണ്ണൂര്‍ ലോബിയുടെ പ്രിയപ്പെട്ടവനായ ഉദ്യോഗസ്ഥനെ വച്ച് പോലിസ് ഭരണം നിയന്ത്രിക്കാനുള്ള ശ്രമമെല്ലാം സെന്‍കുമാറിന്റെ വ്യക്തിത്വത്തിന് മുന്നില്‍ തകര്‍ന്നു. നേരിട്ട് ആരെയും പോരിന് വിളിക്കാതെ ചെയ്യാനുള്ള ത് ചെയ്തും നടപ്പാക്കിയും സെന്‍കുമാര്‍ എതിരാളികളെ അപ്രസക്തരാക്കുകയായിരുന്നു. കഴിവില്ലാത്തത് കൊണ്ടാണ് സെന്‍കുമാറിനെ പോലിസ് ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയത് എന്ന് പറഞ്ഞ മുഖ്യമന്ത്രിയ്ക്ക് ചിരിച്ചു കൊണ്ട് സെന്‍കുമാര്‍ നല്‍കിയ സല്യൂട്ടുകള്‍ മറക്കാനാകാത്ത ട്രോളുകളായി സംസ്ഥാന സര്‍ക്കാരിനും സിപിഎമ്മിനും.
സാമ്പത്തീക വിഗദ്ധന്‍ എന്ന നിലയിലും, പോലിസ് മേധാവി എന്ന നിലയിലും മറ്റുമുള്ള അനുഭവ സമ്പത്തുളള ഐപിഎസ് ഉദ്യോഗസ്ഥന്‍ എന്ന നിലയിലും പൊതുജനങ്ങള്‍ക്കായി ഇനിയും ഒരു പാട് ചെയ്യാനുണ്ട് എന്ന തിരിച്ചറിവിലാണ് സെന്‍കുമാര്‍. നോട്ട് അസാധുവാക്കിയ മോദി സര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച് സര്‍ക്കാര്‍ നിലപാടിനെതിരെ അവധി സമയത്ത് ചാനല്‍ ചര്‍ച്ചകളില്‍ അദ്ദേഹം പ്രത്യേക്ഷപ്പെട്ടിരുന്നു. എല്ലാ വിഷയങ്ങളിലും ശക്തമായ നിലപാടുള്ള പൊതുപ്രവര്‍ത്തകനായ സെന്‍കുമാറിനെ ഇനി നമുക്ക് പ്രതീക്ഷിക്കാം. കേരള പോലിസ് അഡ്മിനിസ്‌ട്രേഷന്‍ രംഗത്തെ പാളിച്ചകള്‍ സെന്‍കുമാര്‍ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ തൊപ്പിയുടെ ഭാരമില്ലാതെ ഇനി മുന്നോട്ട് വെക്കും. അത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെയും, ഭരണരംഗത്തുള്ളവരെയും ഏറെ അസ്വസ്ഥപ്പെടുത്തുമെന്ന് ഉറപ്പാണ്. അപ്രിയ സത്യങ്ങള്‍ തുറന്ന് പറഞ്ഞാല്‍ പല നേതാക്കന്മാരുടെയും തനിനിറം കേരളം കാണും. മതതീവ്രവാദത്തെയും ഇടതുപക്ഷ തീവ്രവാദത്തെയും ശക്തമായ എതിര്‍ക്കുന്ന സെന്‍കുമാറിന് ഇവയെ നേടിടുന്നതില്‍ എവിടെയാണ് പാളിച്ച എന്ന് കേരളത്തോട് തുറന്ന് പറയാനാവും. ഭരണരംഗത്ത് ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ സ്വതന്ത്രമായി മുന്നോട്ടുവെക്കാനും അദ്ദേഹത്തിന് കഴിയും.
അങ്ങനെ എങ്കില്‍ തൊപ്പിയുള്ള സെന്‍കുമാറിനേക്കാല്‍ ചിലര്‍ പേടിക്കേണ്ടി വരിക തൊപ്പിയുടെ ഭാരം ഇറക്കിവച്ച് പുറത്ത് വന്ന പോരാളിയായ സെന്‍കുമാറിനെ ആയിരിക്കും.
Discussion about this post