ബംഗളുരു: കര്‍ണാടകയില്‍ ചെയ്യാത്ത കുറ്റത്തിന് ആറ് വര്‍ഷം ജയിലില്‍ കിടന്ന യുവാവിന് ഒടുവില്‍ മോചനം. ഏറെ വിവാദം സൃഷ്ടിച്ച 21കാരിയുടെ കൊലപാതക കേസില്‍ കുറ്റാരോപിതനായി ജയിലില്‍ കിടന്ന വെങ്കിടേഷ് ഹരികന്തരയാണ് ജയില്‍മോചിതനായത്. ഉത്തര കന്നഡയിലെ കര്‍വാര്‍ ജില്ലാ കോടതി കുറ്റവിമുക്തനാക്കിയതോടെയാണ് വെങ്കിടേഷിന് ജയില്‍മോചനം സാധ്യമായത്.
2010 ഒക്ടോബര്‍ 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. യമുന നായ്ക്ക് എന്ന 21കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലാണ് വെങ്കിടേഷിനെ പ്രതിചേര്‍ത്ത് പോലീസ് കേസെടുത്തത്. മുഹമ്മദ് സാദിക് എന്നയാളുടെ വീട്ടുവളപ്പിലാണ് യമുനയുടെ മൃതദേഹം കണ്ടെത്തിയത്. ഹിന്ദു യുവതിയുടെ മൃതദേഹം മുസ്ലീമിന്റെ വീട്ടുവളപ്പില്‍ കണ്ടതിനെച്ചൊല്ലി ഭട്കലില്‍ വര്‍ഗീയ സംഘര്‍ഷം വരെ ഉണ്ടായിരുന്നു.
മുഹമ്മദ് സാദിഖിന്റെ വീട്ടുജോലിക്കാരിയായിരുന്നു യമുന. മൂര്‍ച്ചയില്ലാത്ത ആയുധം കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം യമുനയെ കൂട്ടബലാത്സംഗം ചെയ്യുകയും തുടര്‍ന്ന് ശ്വാസം മുട്ടിച്ച് കൊല്ലുകയുമായിരുന്നു. യമുനയുടെ ശരീരത്തില്‍ നിന്നും മൂന്ന് പേരുടെ ബീജ സാമ്പിള്‍ ലഭിച്ചിരുന്നു. ഇവരെ പിടികൂടാന്‍ പോലീസിനായില്ല.
മാത്രമല്ല പിന്നീട് വെങ്കിടേഷിനെ പ്രതി ചേര്‍ത്ത് പോലീസ് കേസ് അവസാനിപ്പിക്കുകയായിരുന്നു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യമുനയെ വെങ്കിടേഷ് ബലാത്സംഗം ചെയ്തു കൊന്നുവെന്നാണ് പോലീസ് കെട്ടിച്ചമച്ച കഥ.
അതേസമയം ഒരു ഗ്രാമവാസികളെന്നതിനപ്പുറം യമുനയുമായി തനിക്ക് മറ്റ് പരിചയമില്ലെന്ന് വെങ്കിടേഷ് പറഞ്ഞു. എഫ്ഐആറില്‍ ഒന്‍പത് പേരുടെ പേര് പരാമര്‍ശിച്ചിട്ടുണ്ടായിരുന്നു. പിന്നീട് എട്ട് പേരെയും വിട്ടയച്ച ശേഷം വെങ്കിടേഷിനെ മാത്രം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. എന്നാല്‍ മകന്റെ നിരപരാധിത്വം തെളിയിക്കാന്‍ വെങ്കിടേഷിന്റെ അമ്മ മഹാദേവി കോടതിയെ സമീപിക്കുകയായിരുന്നു.
ഒടുവില്‍ ആറര വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ വെങ്കിടേഷിനെ കോടതി വെറുതെ വിടുകയായിരുന്നു. യമുനയുടെ ശരീരത്തില്‍ നിന്നും ലഭിച്ച പുരുഷ ബീജം, മുടി, വിരലടയാളം എന്നിവ വെങ്കിടേഷിന്റേതല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി ഇയാളെ വെറുതെ വിട്ടത്.
എന്നാല്‍ അപ്പോഴേക്കും അതിനകം 6 വര്‍ഷവും എട്ട് മാസവും വിചാരണാ തടവുകാരനായി വെങ്കിടേഷ് ജയിലില്‍ കഴിഞ്ഞിരുന്നു.
Discussion about this post