ഡല്‍ഹി: 2018-ലെ അറുപത്തിമൂന്നാം റിപ്പബ്ളിക്ദിന പരേഡിലും ആഘോഷങ്ങളിലും 10 രാജ്യങ്ങളില്‍ നിന്നുള്ള രാഷ്ട്രത്തലവന്മാര് പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്. ആസിയാന്‍ കരാറില്‍ ഒപ്പുവച്ചിട്ടുള്ള മലേഷ്യ, തായ്ലന്ഡ്, മ്യാന്മര്, ഫിലിപ്പൈന്‍സ്, സിംഗപ്പൂര്‍, വിയറ്റ്നാം, ഇന്തോനേഷ്യ, കംബോഡിയ, ബ്രൂണൈ, ലാവോസ് തുടങ്ങിയ രാജ്യങ്ങളുടെ തലവന്മാരാണ് പങ്കെടുക്കുക.
ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്രയും രാജ്യത്തലവന്മാര് റിപ്പബ്ളിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കുക. കിഴക്കന്‍ രാജ്യങ്ങളിലേക്ക് നോക്കുക എന്നനയം മാറ്റി കിഴക്കന്‍ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുക എന്ന നയത്തിലേക്ക് ഇന്ത്യ മാറിയ ശേഷമുള്ള സര്‍ക്കാരിന്റെ സുപ്രധാന നീക്കമാണിത്.
ആസിയാന്‍ രാജ്യങ്ങളുമായി മികച്ച ബന്ധം പുലര്‍ത്തുന്ന ഇന്ത്യയ്ക്ക് ഏഷ്യ-പസഫിക് മേഖലയിലും നിര്‍ണായക സ്വാധീനമുണ്ട്. കിഴക്കന്‍ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുക എന്ന ഇന്ത്യയുടെ നയത്തിന്റെ നെടുംതൂണും ആസിയാനാണ്. അടുത്ത വര്‍ഷം ജനുവരിയില്‍ നടക്കുന്ന പ്രത്യേക ഉച്ചകോടി ഇതിന് അടിവരയിടുന്നതാണ്. ഇന്ത്യയും ആസിയാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ 25ആം വാര്‍ഷികവും ഉച്ചകോടി വഴിയുള്ള ബന്ധത്തിന്റെ 15ആം വാര്‍ഷികവും തന്ത്രപ്രധാന ബന്ധത്തിന്റെ അഞ്ചാം വാര്‍ഷികവുമെല്ലാം ഇക്കൊല്ലമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പറയുന്നു.
ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആസിയാന്‍ രാജ്യങ്ങളുടേതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കാര്‍ഷിക രംഗത്തും സാമ്പത്തിക രംഗത്തും നിക്ഷേപങ്ങളിലും മാറ്റങ്ങള്‍ കൊണ്ടുവരാനും സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. സുരക്ഷ, ഉഭയകക്ഷി വ്യാപാര ബന്ധം മെച്ചപ്പെടുത്തല്‍, കാലാവസ്ഥാ വ്യതിയാനം, കൃഷി, തുടങ്ങിയ മേഖലകളിലെ സഹകരണം വര്‍ദ്ധിപ്പിക്കല്‍, സമുദ്രാതിര്‍ത്തി വഴിയുള്ള ഭീകരപ്രവര്‍ത്തനം തടയുക തുടങ്ങിയവ സംബന്ധിച്ച് കൂട്ടായ്മ ഉണ്ടാക്കാനും ആസിയാന്‍ ലക്ഷ്യമിടുന്നുണ്ട്. 2016 ല്‍ നടന്ന ആസിയാന്‍ ഉച്ചകോടിയില്‍ അംഗരാജ്യങ്ങള്‍ക്ക് പുറമെ ചൈന, ജപ്പാന്, ദക്ഷിണകൊറിയ, ആസ്ട്രേലിയ, ന്യൂസിലന്‍ഡ്, അമേരിക്ക, റഷ്യ എന്നീ രാജ്യ തലവന്മാരും പങ്കെടുത്തിരുന്നു.
Discussion about this post