കോഴിക്കോട്: ആക്രമണത്തിന് ഇരയായ നടിയെ അപമാനിക്കാന്‍ വ്യാപക ശ്രമം നടക്കുന്നതായി നടിമാരുടെ സംഘടനയായ ‘വിമന്‍ ഇന്‍ സിനിമ കളക്ടീവ്’. പ്രതിയായ നടന്റെ ഫാന്‍സ് അസോസിയേഷന്‍ അടക്കം നീക്കത്തിന് പിന്നിലുണ്ടെന്ന് സംഘടനയുടെ ഭാരവാഹി സജിത മഠത്തില്‍ പറഞ്ഞു.
ഇതിനെതിരെ ഡി.ജി.പിക്കും സൈബര്‍ സെല്ലിനും പരാതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇരയായ നടി മോശക്കാരിയും പ്രതി നല്ലവനെന്നുമുള്ള പ്രചരണമാണ് നടക്കുന്നത്. ആക്രമണത്തിന് ശേഷം രണ്ടു തവണ നടി ഇറക്കിയ പത്രകുറിപ്പിനെ വികൃതമായി ചിത്രീകരിക്കാനും നീക്കം നടക്കുന്നുണ്ട്.
വ്യാജ ഐ.ഡി ഉപയോഗിച്ചാണ് മോശം പ്രചരണം നടത്തുന്നത്. ചില ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ നടിയുടെ ചിത്രം ഉള്‍പ്പെടുത്തി വാര്‍ത്ത കൊടുക്കുന്നു. ദേശീയ മാധ്യമങ്ങളിലും തമിഴിലെ ഒരു പത്രത്തിലും ഇത്തരത്തില്‍ വാര്‍ത്തകള്‍ വന്നു. ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോല്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുകിട്ടി. എന്നാല്‍ സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചരണം ഒരു തരത്തിലും തടയാന്‍ കഴിയുന്നില്ല. നടിയുടെ സുരക്ഷയെ കുറിച്ച് ആശങ്കയുണ്ടെന്നും സജിത മഠത്തില്‍ പറഞ്ഞു.
Discussion about this post