നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടൻ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളി. ദിലീപിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. ഈ മാസം ഇരുപത്തിയഞ്ച് വരെ ദിലീപ് റിമാന്‍ഡില്‍ തുടരും.
ദിലീപിനുവേണ്ടി സമൂഹമാധ്യമങ്ങളിൽ വൻ പ്രചാരണമാണ് നടക്കുന്നത്. പ്രതിയുടെ സ്വാധീനം കൊണ്ടുള്ള പ്രചാരണമാണിത്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയും പള്‍സര്‍ സുനിയുടെ അഭിഭാഷകനായ പ്രതീഷ് ചാക്കോയും ഒളിവിലാണ്. ദിലീപിന്റെ അഭിമുഖങ്ങളില്‍ നടിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹത്തിന്റെ മനോനില വ്യക്തമാക്കുന്നതാണെന്നും പ്രോസിക്യൂഷന് പറഞ്ഞു.
ആക്രമിക്കപ്പെട്ട നടിക്കെതിരായ ദിലീപിന്റെ പരാമർശം ഇയാളുടെ മനോനില വ്യക്തമാക്കുന്നതാണ്. കസ്റ്റഡിയിൽ ഇങ്ങനെയാണെങ്കിൽ ജാമ്യത്തിലിറങ്ങിയാൽ എങ്ങനെയായിരിക്കുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. ദിലീപിന്റെ രണ്ടു മൊബൈൽ ഫോണുകൾ പ്രതിഭാഗം കോടതിയിൽ സമർപ്പിച്ചു. കോടതിയുടെ മേൽനോട്ടത്തിൽ ഇത് പരിശോധിയ്ക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.
ഉച്ചയോടെ പോലീസ് കേസ് ഡയറി കോടതിയില്‍ ഹാജരാക്കിയിരുന്നു. മുദ്രവച്ച കവറിലാണ് ഹാജരാക്കിയത്. ദിലീപ് ചെയ്ത കുറ്റകൃത്യത്തിന്റെ ഗൗരവവും അതിനുള്ള തെളിവുകളും ബോധ്യപ്പെടാന്‍ കേസ് ഡയറി മുദ്രവച്ച കവറില്‍ കോടതിയില്‍ ഹാജരാക്കാന്‍ തയാറാണെന്നു പോലീസ് ഇന്നലെ അറിയിച്ചിരുന്നു.
Discussion about this post