തിരുവനന്തപുരം: മിസ്ഡ് കോളിലൂടെ കേരളത്തില്‍ ബി.ജെ.പി. അംഗത്വമെടുത്ത 21 ലക്ഷം പേരെ തിരഞ്ഞ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ മുതല്‍ ബൂത്തുതല നേതാക്കള്‍വരെ വീടുകളിലേക്കെത്തുന്നു. ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആണ് ഇത്തരത്തിലൊരു പരിപാടി നിര്‍ദേശിച്ചത്. ഈ മഹാസമ്പര്‍ക്ക പരിപാടി ഓഗസ്റ്റ് ഒന്നിന് ആണ് തുടങ്ങുന്നത്. പാര്‍ട്ടി നിര്‍ദേശിച്ച മണ്ഡലങ്ങളിലെ ബൂത്ത് പ്രദേശത്ത് നേതാക്കളെല്ലാം 15 ദിവസം തങ്ങും. ഈ ദിവസങ്ങളില്‍ അടിയന്തര സാഹചര്യത്തിലല്ലാതെ ബൂത്തുതലത്തില്നിന്ന് താമസം മാറരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്.
ഒരു നേതാവ് കുറഞ്ഞത് ആയിരം വീടുകള്‍ കയറണം. പിന്‍കോഡ് അടിസ്ഥാനമാക്കിയാണ് വീടുകള്‍ നിശ്ചയിക്കുക. ഒരുദിവസം 150 പേരെയെങ്കിലും നേരിട്ട് കാണണം. മിസ്ഡ് കോള്‍ വഴി അംഗത്വമെടുത്തവരെക്കുറിച്ചുള്ള സംശയനിവാരണത്തിനു കേന്ദ്ര നേതൃത്വത്തിന്റെ ടോള്‍ഫ്രീ നമ്പറിലേക്ക് വിളിക്കാം. അംഗത്വമെടുത്തവരോട് നേതാക്കള്‍ നേരിട്ട് സംസാരിക്കണം. ഓരോ ബൂത്തിലെയും എല്ലാ വീടുകളും കയറി വോട്ടര്‍പ്പട്ടിക പുതുക്കല്‍, കേന്ദ്രസര്‍ക്കാരിന്റെ ഭരണനേട്ടം വിവരിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലും പങ്കാളികളാകണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
പട്ടികജാതി കോളനികള്‍ കേന്ദ്രീകരിച്ച് പട്ടികജാതിമോര്‍ച്ച രൂപവത്കരിക്കണം. മുമ്പ് പാര്‍ട്ടിയില്‍ സജീവമായിരിക്കുകയും പിന്നീട് നിശബ്ദരാവുകയും ചെയ്തവരെ കണ്ടെത്തണം. തിരഞ്ഞെടുപ്പ് നടത്തി പുതിയ ബൂത്ത് കമ്മിറ്റികള്‍ രൂപവത്കരിച്ച ശേഷമേ ബൂത്ത് പ്രദേശത്തെ താമസം അവസാനിപ്പിച്ച് മടങ്ങാവൂ. ഒക്ടോബറില്‍ അമിത് ഷാ കേരളത്തില്‍ എത്തുന്നതിനുമുമ്പ് ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി കേന്ദ്രനേതൃത്വത്തിനു റിപ്പോര്‍ട്ടു നല്‍കുമെന്ന് നേതാക്കള്‍ അറിയിച്ചു. 22-ന് ആലപ്പുഴയില്‍ ചേരുന്ന ബി.ജെ.പി. സംസ്ഥാനസമിതിയോഗം മഹാസമ്പര്‍ക്ക പരിപാടിയുടെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യും.
സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് വട്ടിയൂര്‍ക്കാവ്, തൊടുപുഴ, തൃപ്പൂണിത്തുറ, പാലാ, സുല്‍ത്താന്‍ ബത്തേരി മണ്ഡലങ്ങളിലെ ഏതെങ്കിലും ബൂത്തില്‍ 15 ദിവസം താമസിച്ച് പ്രവര്‍ത്തിക്കും. ഒ. രാജഗോപാല്‍ എം.എല്‍.എ. കഴക്കൂട്ടത്തും മുന്‍ അധ്യക്ഷന്‍ വി. മുരളീധരന് നെടുമങ്ങാടും പി.കെ. കൃഷ്ണദാസ് കാട്ടാക്കടയിലും സി.കെ. പത്മനാഭന് കുന്ദമംഗലത്തും പി.എസ്. ശ്രീധരന്‍പിള്ള ചെങ്ങന്നൂരും പ്രവര്‍ത്തിക്കും.
എം.ടി. രമേശ്-നേമം, എ.എന്‍ രാധാകൃഷ്ണന്-മണലൂര്‍, കെ. സുരേന്ദ്രന്-മഞ്ചേശ്വരം, ശോഭാ സുരേന്ദ്രന്-പട്ടാമ്പി, പി.കെ. ശ്രീശന്-വടകര, പി.എം. വേലായുധന്-ദേവികുളം, പ്രമീളാ നായിക്ക്-പയ്യന്നൂര്‍ എന്നിങ്ങനെയാണ് പാര്‍ട്ടി നിര്‍ദേശിച്ചിരിക്കുന്ന സ്ഥലങ്ങള്‍.
2016-ലാണ് മിസ്ഡ് കോളിലൂടെയുള്ള അംഗത്വം പരിപാടി ബി.ജെ.പി. തുടങ്ങിയത്.
Discussion about this post