കാരക്കാസ്: വെനസ്വേലയില്‍ ഭരണഘടനാ അസംബ്ലി തെരഞ്ഞെടുപ്പിനിടെ പോലീസും പ്രതിഷേധക്കാരുമായുണ്ടായ സംഘര്‍ഷത്തില്‍ പ്രതിപക്ഷ യുവനേതാവ് ഉള്‍പ്പെടെ 10 പേര് കൊല്ലപ്പെട്ടു. ഞായറാഴ്ച കിഴക്കന്‍ കാരക്കാസിലാണ് സംഘര്‍ഷമുണ്ടായത്. പോളിംഗ്ബൂത്തില്‍ നടന്ന വെടിവയ്പില്‍ ഒരു സെക്യൂരിറ്റി ഓഫീസര്‍ കൊല്ലപ്പെട്ടു. നേരത്തെ ഒരു സ്ഥാനാര്‍ഥിയും കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ ഏഴ് പോലീസുകാര്‍ക്കും പരിക്കുണ്ട്.
ഭരണഘടനാ അസംബ്ലി തെരഞ്ഞെടുപ്പില്‍ ഇന്നലെ വെനസ്വേലക്കാര്‍ വോട്ടു ചെയ്തു. പ്രസിഡന്റ് മഡുറോ രാവിലെ ആറിനു തന്നെ വോട്ടു ചെയ്തു. പ്രതിപക്ഷം വോട്ടിംഗ് ബഹിഷ്കരിച്ചിരിക്കുകയാണ്. 545 സീറ്റിലേക്ക് 6100 പേരാണു മത്സരിക്കുന്നത്. ഭൂരിഭാഗവും ഭരണം നടത്തുന്ന സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സഖ്യ കക്ഷികളില്‍പ്പെട്ടവരാണ്. വോട്ടിംഗില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ മേല്‍ വന്സമ്മര്ദ്ദമുണ്ട്.
പുതിയ അസംബ്ലിക്കു വിപുലമായ അധികാരങ്ങളുണ്ടാവും. പ്രതിപക്ഷത്തിനു പ്രാമുഖ്യമുള്ള കോണ്‍ഗ്രസ് പിരിച്ചുവിട്ട് ഭരണത്തില്‍ പിടിമുറുക്കുകയാണു മഡുറോയുടെ ലക്ഷ്യം. ഇതിനു യോജിച്ചവിധത്തില്‍ ഭരണഘടനയില്‍ തിരുത്തല്‍ വരുത്തും. മഡുറോയ്ക്ക് എതിരേ നാലുമാസമായി വെനസ്വേലയില്‍ നടന്നുവരുന്ന പ്രക്ഷോഭത്തില്‍ ഇതിനകം 120 പേര്‍ക്കു ജീവഹാനി നേരിട്ടു. രണ്ടായിരം പേര്‍ക്കു പരിക്കേറ്റു.
Discussion about this post