ആലപ്പുഴ: ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ ആലപ്പുഴയില്‍ നിന്ന് ഒരാള്‍ കസ്റ്റഡിയിലായതോടുകൂടി പോലീസ് അതീവജാഗ്രതയില്‍. ഇതിന്റെ പശ്ചാത്തലത്തില്‍ മുന്‍പ് തീവ്രനിലപാടെടുത്തിരുന്ന ആലപ്പുഴയിലെ സംഘടനകളെയും അതില്‍ പ്രവര്‍ത്തിച്ചിരുന്നവരെയും പറ്റിയുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങി. മാത്രമല്ല വിഘടനവാദി നേതാവ് ഗിലാനി ഇവിടെ താമസിച്ചതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
ഐഎസ് ബന്ധം ആരോപിച്ച് പിടിയിലായ ബാസില്‍ ഷിഹാബിന്റെ വീടിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍ കരുതല്‍ എന്ന നിലയ്ക്കാണ് കാവല്‍ ഏര്‍പ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം ഷിഹാബ് ഐ.എസ് കൂട്ടുകെട്ടില്‍ പെടുന്നത് ആലപ്പുഴയില്‍ വെച്ചല്ലെന്നും പുറത്ത് പഠനത്തിന് പോയപ്പോള്‍ സംഭവിച്ചതാകാം എന്നുമാണ് പോലീസിന്റെ സംശയം.
ഗിലാനി ആലപ്പുഴയില്‍ താമസിച്ചത് പോലെ മറ്റ് നേതാക്കള്‍ ഇവിടെയെത്തിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. മുസ്ലിം റൈറ്റ് വാച്ച്( എം. ആര്‍. ഡബ്‌ള്യൂ) എന്ന സംഘടനയുടെ പേരിലായിരുന്നു ഗിലാനി ഇവിടെ എത്തിയത്.
മുന്‍ സിമി പ്രവര്‍ത്തകരായിരുന്നു ഇതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ആലപ്പുഴയിലെ കായല്‍ സുരക്ഷിതമല്ലെന്ന് ഇന്റലിജന്‍സ് വിഭാഗം അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കി. രഹസ്യയോഗങ്ങള്‍ക്കും മറ്റും കായല്‍ സുരക്ഷിതമാണ്. ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കി.
Discussion about this post