കാസര്‍ഗോഡ്: സംസ്ഥാനത്ത് ഐ.എസ്. പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് അഫ്ഗാനിസ്താനിലെ നാംഗര്‍ഹാറിലുള്ള കാസര്‍കോട് പടന്ന സ്വദേശി അബ്ദുള്‍ റാഷിദാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). കോഴിക്കോട് സ്വദേശി ഷജീര്‍ അബ്ദുള്ള കൊല്ലപ്പെട്ടശേഷമാണ് ചുമതല ഇയാള്‍ ഏറ്റെടുത്തത്. കേരളത്തില്‍നിന്ന് ഒട്ടേറെപ്പേരെ റിക്രൂട്ട് ചെയ്യാന്‍ റാഷിദ് പദ്ധതിയിട്ടിരുന്നതായും എന്‍.ഐ.എ.യ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം ആലപ്പുഴയില്‍ പിടിയിലായ ബാസില്‍ ഷിഹാബിനെ (25) ചോദ്യംചെയ്തതില്‍ നിന്നാണ് വിവരങ്ങള്‍ ലഭിച്ചത്. കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ വിദ്യാസമ്പന്നരെയും പഴയകാല സിമി പ്രവര്‍ത്തകരെയുമാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഷിഹാബിനൊപ്പം തമിഴ്നാട് ഉക്കടം കരുമ്പുകട ചാരമേട് ആസാദ് നഗറില്‍ മുഹമ്മദ് അബ്ദുല്ല (27), ജി.എം. നഗര്‍ കോട്ടൈപുത്തൂരില് അബ്ദുറഹ്മാന് (25) എന്നിവരെയും എന്‍.ഐ.എ. അറസ്റ്റുചെയ്തിരുന്നു.
കശ്മീര്‍ വിഘടനവാദി നേതാക്കളടക്കമുള്ളവര്‍ കേരളം സന്ദര്‍ശിച്ചതായി എന്‍.ഐ.എ.യ്ക്ക് സൂചനലഭിച്ചിട്ടുണ്ട്. 2001-ലെ പാര്‍ലമെന്റ് ആക്രമണക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട എസ്.എ.ആര്. ഗീലാനി കൊണ്ടോട്ടിയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയ്ക്കെത്തിയെന്നും ആലപ്പുഴയില്‍ താമസിച്ചെന്നും വിവരമുണ്ട്. ഒരു പ്രത്യേക സംഘടനയുടെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. ഇതിനു നേതൃത്വം നല്‍കിയവരെക്കുറിച്ച് എന്‍.ഐ.എ. അന്വേഷണം തുടങ്ങി. ഈ സംഘടനയുമായി ബന്ധമുള്ള ആറുപേരാണ് നേരത്തേ എന്‍.ഐ.എ.യുടെ പിടിയിലായത്. അടുത്തകാലത്തുണ്ടായ ചില മതംമാറ്റവിവാദങ്ങളിലും നേതൃപരമായ പങ്ക് ഈ സംഘടനയ്ക്കായിരുന്നു. കനകമലയിലെ രഹസ്യയോഗം തകര്ക്കാനായതിലൂടെ കേരള ഐ.എസ്. ഘടകത്തിന്റെ ശക്തികുറഞ്ഞെന്ന് കരുതിയിരിക്കുമ്പോഴാണ് കൂടുതല്‍പ്പേര്‍ എന്‍.ഐ.എ.യുടെ പിടിയിലാവുന്നത്.
സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങളിലൂടെയാണ് വ്യാപകമായി യുവാക്കളെ ആകര്‍ഷിക്കാന്‍ ഇവര്‍ ശ്രമം നടത്തിയത്. ആലപ്പുഴയില്‍നിന്നു കണ്ടെത്തിയ സി.ഡി.കള്‍ ഇത്തരത്തിലുള്ള പ്രസംഗങ്ങളുടേതാണ്. സിറിയയിലേക്ക് വ്യാജപാസ്പോര്‍ട്ടില്‍ കടക്കാനുള്ള ശ്രമത്തിനിടെ പിടിയിലായ കണ്ണൂര്‍ സ്വദേശി ഷാജഹാനില്നിന്നാണ് കേരളത്തിലെ ഐ.എസ്. സ്ലീപ്പിങ് സെല്ലുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് എന്‍.ഐ.എ.യ്ക്ക് ആദ്യസൂചനകള്‍ ലഭിച്ചത്.
Discussion about this post