ഡല്‍ഹി: തമിഴ്നാട്ടില്‍ എഐഡിഎംകെ പാര്‍ട്ടികളുടെ ലയനത്തിന്റെ അന്തിമഘട്ട ചര്‍ച്ചയുടെ ഭാഗമായി മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. തമിഴ്നാട് മുഖ്യമന്ത്രിയും എഐഎഡിഎംകെ അമ്മ വിഭാഗം നേതാവുമായ എടപ്പാടി പളനിസ്വാമി കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പനീര്‍ശെല്‍വത്തിന്റെ സന്ദര്‍ശനം. അരമണിക്കൂറിലധികം നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ രാജ്യസഭാ എംപി വി.മൈത്രേയന് മുന്‍ മന്ത്രി കെ.പി.മുനുസ്വാമി മുന്‍രാജ്യസഭാ അംഗം മനോജ് പാണ്ഡ്യന് എന്നിവരും പങ്കെടുത്തു.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ എത്തിയ ഒ.പി.എസ്. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കു ശ്രമിച്ചിരുന്നുവെങ്കിലും സമയം ലഭിച്ചിരുന്നില്ല. ഇതേത്തുടര്‍ന്നു മഹാരാഷ്ട്രയിലെ വിവിധ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയ ശേഷം തിരിച്ച് ഡല്‍ഹിയിലെത്തിയ ഒ.പി.എസിന് തിങ്കളാഴ്ച കൂടിക്കാഴ്ച നടത്താന്‍ സമയം അനുവദിക്കുകയായിരുന്നു. ലയന വ്യവസ്ഥകള്‍, എന്‍.ഡി.എ. പ്രവേശം തുടങ്ങിയ വിഷയങ്ങള്‍ പ്രധാനമന്ത്രിയും ഒ.പി.എസും ചര്‍ച്ച ചെയ്യുമെന്നാണു പ്രതീക്ഷിക്കുന്നത്.
ശശികല കുടുംബത്തെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കണമെന്നാണ് ലയനം യാഥാര്‍ഥ്യമാകുന്നതിനു ഒ.പി.എസ്. വിഭാഗത്തിന്റെ പ്രധാന ആവശ്യം. പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി ടി.ടി.വി. ദിനകരനെ നിയമിച്ചതിനെതിരെ കഴിഞ്ഞ ദിവസം പ്രമേയം പാസാക്കിയതിലൂടെ തങ്ങള്‍ ഈ ആവശ്യം അംഗീകരിച്ചുവെന്ന സൂചനയാണ് എടപ്പാടി പളനിസ്വാമി വിഭാഗം നല്‍കിയിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും അധികം വൈകാതെ ലയനം പ്രതീക്ഷിക്കാമെന്നും സഹകരണ മന്ത്രി സെല്ലൂര്‍ കെ.രാജു പറഞ്ഞു. ലയനം ഉടനുണ്ടാകുമെന്നു ദിവസങ്ങള്‍ക്ക് മുന്‍പ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും പ്രതികരിച്ചിരുന്നു. അതിനുശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി നേതൃയോഗം ചേരുകയും ദിനകരനെതിരെ പ്രമേയം പാസാക്കുകയുമായിരുന്നു. ശശികലയെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത് താത്കാലിക ക്രമീകരണമാണെന്നും യോഗം വ്യക്തമാക്കി. ഇതേ ത്തുടര്‍ന്നു ശശികലയെയും ദിനകരനെയും പിന്തുണച്ചു സമര്‍പ്പിച്ച സത്യവാങ്മൂലങ്ങള്‍ വ്യാജമാണെന്നും ആരോപിച്ചു ഒ.പി.എസ്. വിഭാഗം തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചിട്ടുണ്ട്.
ശശികലയ്ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരിക്കുന്ന ഒ.പി.എസ്. പക്ഷത്തിന്റെ നീക്കത്തിനെതിരെ പളനിസ്വാമി പക്ഷം രംഗത്തു വന്നിട്ടില്ല. ശശികലയെയും കൂട്ടരെയും പുറത്താക്കി ഒ.പി.എസ്. വിഭാഗവുമായി ഒന്നിക്കുന്നതിനുള്ള ഒരുക്കത്തിലായതിനാലാണ് ഈ വിഷയത്തില്‍ എടപ്പാടിയും കൂട്ടരും മൗനം പാലിക്കുന്നതെന്നാണ് വിലയിരുത്തല്‍. ഭിന്നതകള്‍ നീക്കി ഇരുപക്ഷവും ഒന്നായി എന്‍.ഡി.എ.യില്‍ ചേര്‍ന്നാല്‍ ക്യാബിനറ്റ് മന്ത്രി സ്ഥാനംവരെ ബി.ജെ.പി. വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബി.ജെ.പി. സര്‍ക്കാരുമായും അടുത്ത ബന്ധം പുലര്‍ത്തുമ്പോഴും എന്‍.ഡി.എ.യുടെ ഭാഗമായിത്തീരാന്‍ ജയലളിത തയ്യാറായിരുന്നില്ല. സഖ്യത്തിനു പുറത്തുനിന്ന് സര്‍ക്കാരിനെ പിന്തുണയ്ക്കുകയായിരുന്നു ചെയ്തത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ വെല്ലുവിളിച്ചു പ്രചാരണം നടത്തുകയും ചെയ്തിരുന്നു. അതിനാല്‍ തന്നെ ജയലളിതയുടെ പാരമ്പര്യം അവകാശപ്പെടുന്ന പനീര്‍ശെല്‍വം, പളനിസ്വാമി പക്ഷങ്ങള്‍ ഇത് മറന്നു എന്‍.ഡി.എ. സഖ്യത്തില്‍ ചേരുമോയെന്നതും കണ്ടറിയണം.
Discussion about this post