തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടി, നിലമ്പൂരിലെ ഇടത് സ്വതന്ത്ര എംഎല്‍എയായ പി.വി അന്‍വര്‍ എന്നിവര്‍ക്കെതിരായ ആരോപണങ്ങളില്‍ നിയമസഭ പ്രക്ഷുബ്ധമായി. വാട്ടര്‍ തീം പാര്‍ക്കിനായി അന്‍വര്‍ എംഎല്‍എ നിയമലംഘനം നടത്തിയെന്നും ആദിവാസികളുടെ കുടിവെളളം മുട്ടിച്ചാണ് തടയണ നിര്‍മ്മാണമെന്നും വി.ടി ബല്‍റാം എംഎല്‍എ സഭയില്‍ പറഞ്ഞു. കായല്‍ കൈയ്യേറിയത് അടക്കമുളള തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങളും സഭ ചര്‍ച്ച ചെയ്യണമെന്നും വി.ടി ബല്‍റാം അടിയന്തര പ്രമേയത്തിന് അനുമതി തേടിക്കൊണ്ട് പറഞ്ഞു. ഭൂമി കൈയ്യേറ്റവുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടിക്കെതിരെ സമഗ്ര അന്വേഷണം വേണമെന്നും ബല്‍റാം ആവശ്യപ്പെട്ടു.
അതേസമയം ഇരുവര്‍ക്കും എതിരായ ആരോപണങ്ങള്‍ മുഖ്യമന്ത്രി നിഷേധിച്ചു. അന്‍വറിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് മുഖ്യമന്ത്രി സഭയെ അറിയിച്ചത്. വ്യവസ്ഥകള്‍ പാലിച്ചും ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയോടും കൂടിയാണ് പാര്‍ക്കിന്റെ നിര്‍മ്മാണവും പ്രവര്‍ത്തനവും. പാര്‍ക്കിന്റെ കാര്യത്തില്‍ അധികാര ദുര്‍വിനിയോഗം ഉണ്ടായിട്ടില്ല. ഏത് കാലത്താണ് അധികാര ദുര്‍വിനിയോഗം ഉണ്ടായതെന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വഴിവിട്ട നടപടി ആരുടെ ഭാഗത്തുനിന്നും ഉണ്ടായാലും സംരക്ഷിക്കില്ല. വഴിവിട്ട പ്രവര്‍ത്തി ചെയ്തത് ഏത് ഉന്നതനായാലും കുടുങ്ങുമെന്നും അദ്ദേഹം പറഞ്ഞു. തോമസ് ചാണ്ടിയുടെ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണ്. റിസോര്‍ട്ടിനായി തോമസ് ചാണ്ടി കായല്‍ കൈയ്യേറിയിട്ടില്ല. പ്ലാസ്റ്റിക് ബോയ് കെട്ടിയത് പോളയും മാലിന്യവും തടയാന്‍ വേണ്ടി മാത്രമാണെന്നും മുഖ്യമന്ത്രി വിശദമാക്കി.
അതിനിടെ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് ചട്ടവിരുദ്ധമാണെന്ന് സ്പീക്കര്‍ അറിയിച്ചു. ഒന്നില്‍ അധികം വിഷയം ഒരു നോട്ടീസില്‍ പ്രതിപാദിക്കാന്‍ കഴിയില്ല. എന്നാല്‍ ഭൂമി കൈയ്യേറ്റമാണ് ഉന്നയിച്ചതെന്നാണ് പ്രതിപക്ഷം അറിയിച്ചത്. ചട്ടമനുസരിച്ച് പ്രതിപക്ഷം നോട്ടീസ് നല്‍കണമെന്ന് നിയമമന്ത്രി എ.കെ ബാലന് പറഞ്ഞു.
Discussion about this post