കൊല്ലം: സംസ്ഥാന ബാലാവകാശ കമ്മിഷൻ അംഗങ്ങളായി ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നീട്ടാൻ സാമൂഹിക നീതി മന്ത്രി കെ.കെ.ശൈലജ നേരിട്ട് ഇടപെട്ടതിനു തെളിവ് പുറത്ത്. തീയതി നീട്ടുന്നതിനുള്ള കാരണം പോലും വ്യക്തമാക്കാതെ മന്ത്രി രേഖാമൂലം നിർദേശം നൽകിയതും പുറത്തുവന്നു.
അവസാന തീയതി നീട്ടാൻ മന്ത്രി രേഖാമൂലം നൽകിയ നിർദേശം ഹൈക്കോടതി കഴിഞ്ഞ 17നു പുറപ്പെടുവിച്ച ഉത്തരവിന്റെ ഭാഗമാക്കുകയും ചെയ്തു.
ഇങ്ങനെയാണ് മന്ത്രിയുടെ ഉത്തരവ്:- സംസ്ഥാന ബാലാവകാശ കമ്മിഷന്റെ വെബ്സൈറ്റ് അടക്കം സൂചിപ്പിച്ചു അപേക്ഷാതീയതി ജനുവരി 20 വരെ ദീർഘിപ്പിക്കുന്നതിനു പത്രപ്പരസ്യം നൽകുക. ജനുവരി 25ന് അകം, കിട്ടിയ അപേക്ഷകളെല്ലാം പരിശോധിച്ചു ചുരുക്കപ്പട്ടിക തയാറാക്കി സമർപ്പിക്കുക. ഫെബ്രുവരി ഏഴിന് അഭിമുഖം നടത്താനുള്ള നടപടി സ്വീകരിക്കുക. സുപ്രീം കോടതിയിൽ പിഴ കെട്ടിയ കാര്യവും മറച്ചുവച്ചു.
ആദ്യം പുറത്തിറക്കിയ വിജ്ഞാപനത്തിലെ സമയപരിധിക്കുള്ളിൽ നിയമനം നടത്താതിരുന്നതു മൂലം അര ലക്ഷം രൂപ പിഴ കെട്ടിവയ്ക്കേണ്ടിവന്നതും സർക്കാർ രഹസ്യമായി സൂക്ഷിച്ചു. ഏപ്രിൽ അഞ്ചിലെ ഉത്തരവുപ്രകാരം തുക കെട്ടിവച്ച വിവരം സുപ്രീംകോടതി രേഖകളിലൂടെയാണ് പുറത്തായത്.
Discussion about this post