കൊച്ചി: പറവൂരില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലുള്ള ലഘുലേഖ വിതരണം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത മുജാഹിദ്ദീന്‍ വിഭാഗക്കാരായ ഗ്ലോബല്‍ ഇസ്ലാമിക് മിഷന് പ്രവര്‍ത്തകര്‍ക്ക് ജാമ്യം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് 40 മുജാഹിദുകള്‍ക്ക് ജാമ്യം അനുവദിച്ചത്. നേരത്തെ ഇവര്‍ നല്കിയ ജാമ്യാപേക്ഷ പറവൂര്‍ ഒന്നാം കഌസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു.
കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുജാഹിദ്ദീന്‍ വിഭാഗക്കാരായ ഗ്ലോബല്‍ ഇസ്ലാമിക് മിഷന് പ്രവര്‍ത്തകരാണ് ലഘുലേഖകള്‍ വിതരണം ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് 40 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വടക്കേക്കര, ചേന്ദമംഗലം ഭാഗങ്ങളില്‍ നിന്ന് ഞായറാഴ്ചയാണ് അറസ്റ്റു ചെയ്തത്. ഇവരില്‍ നിന്ന് ക്ഷേത്രങ്ങളും ക്രിസ്തീയ ദേവാലയങ്ങളും അടയാളപ്പെടുത്തിയ റൂട്ട് മാപ്പും ലഘുലേഖകളും പിടിച്ചെടുത്തിരുന്നു.
ഹിന്ദുക്കള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് വര്‍ഗീയ ലഹളയുണ്ടാക്കുന്ന തരത്തില്‍ പ്രചാരണം നടത്തിയതിനാണ് കേസെടുത്തത്. ഇസ്ലാം മതം സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഇസ്ലാമിക് മിഷന് പ്രവര്‍ത്തകര്‍ തങ്ങളെ സമീപിച്ചതെന്ന് കാട്ടി തറയില്‍ കവല സ്വദേശി ജിജീഷ്, വാവക്കാട് സ്വദേശികളായ അനി, സുനി എന്നിവര്‍ വടക്കേക്കര പോലീസില്‍ പരാതി നല്കി. എന്നാല്‍ പരാതി സ്വീകരിക്കാന്‍ എസ്ഐ ഷോജോ വര്‍ഗീസ് തയാറായില്ലെന്ന് പരാതിക്കാര്‍ പറയുന്നു. പിന്നീട് ഡിവൈഎസ്പിയുടെ നിര്‍ദ്ദേശ പ്രകാരമാണ് എസ്ഐ പരാതി സ്വീകരിച്ചത്.
Discussion about this post