തിരുവനന്തപുരം: കേരളം അടിസ്ഥാന സൗകര്യവികസന മേഖലയില്‍ ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് 40 ശതമാനം പിന്നിലാണെന്ന് ധനകാര്യ അഡി.ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം. അഞ്ച് വര്‍ഷത്തെ ആസൂത്രണ നടത്തിപ്പില്‍ സംസ്ഥാനത്തിന് ദേശീയ ശരാശരിയില്‍ നിന്ന് ഒന്നരലക്ഷം കോടിയുടെ കുറവാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബി ദേശീയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ കാല്‍നൂറ്റാണ്ടായി തിരുവനന്തപുരത്തു നിന്ന് കാര്‍മാര്‍ഗം കാസര്‍കോടെത്താന്‍ 15 മണിക്കൂര്‍ വേണം. എന്നാല്‍ ഇതര സംസ്ഥാനങ്ങളില്‍ ഇതേദൂരം മറികടക്കാന്‍ ഇപ്പോള്‍ ഇതിന്റെ പകുതി സമയം മതി. ഇതാണ് നമ്മുടെ വികസന മേഖലയിലെ ഉദാഹരണങ്ങള്‍. ഇത് മറികടക്കാന്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മുപ്പത് ലക്ഷത്തോളം വരുന്ന പ്രവാസി മലയാളികളെ ചിട്ടിയിലൂടെ വികസനത്തില്‍ പങ്കാളിയാക്കുമെന്ന് മന്ത്രി ടി.എം.തോമസ് ഐസക് പറഞ്ഞു.
ഇതിലൂടെ ഒരുലക്ഷം കോടിരൂപയുടെ പലിശരഹിത ക്രയവിക്രയഫണ്ട് നാലഞ്ച് മാസത്തേക്ക് സംസ്ഥാനത്തിന് കിട്ടും. വാഹനനികുതി സെസിലേയും നികുതിലേയും ഒരു ഭാഗം ബഡ്ജറ്റ് വിഹിതമായി ലഭിക്കും. ഇത് കിഫ്ബിക്ക് ഉറച്ച സാമ്പത്തിക അടിത്തറയും വായ്പ വാങ്ങല്‍ ശേഷിയും നല്‍കും.
രാജ്യത്തെ ഏറ്റവും വലിയ റവന്യുകമ്മി നേരിടുന്ന സംസ്ഥാനമായതു കൊണ്ടാണ് വികസനത്തിന് വേറെ വഴി തേടേണ്ടിവന്നതെന്ന് മന്ത്രി ഐസക്ക് പറഞ്ഞു.
Discussion about this post