ഡൽഹി: കേന്ദ്ര പ്രതിരോധമന്ത്രിയായി നിർമല സീതാരാമൻ ചുമതലയേറ്റു. ഇതുവരെ വകുപ്പിന്റെ അധിക ചുമതല വഹിച്ചിരുന്ന ധനകാര്യമന്ത്രി കൂടിയായ അരുൺ ജയ്റ്റ്ലിയിൽ നിന്നാണ് നിർമല സീതാരാമൻ സുപ്രധാന വകുപ്പിന്റെ ചുമതല ഏറ്റെടുത്തത്. പ്രതിരോധമേഖലയില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുമെന്ന വാഗ്ദാനം നല്‍കിയാണ് ചുമതലയേറ്റത്. 24 മണിക്കൂറും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്ന മന്ത്രിയായിരിക്കും താനെന്ന് ചുമതലയേറ്റ ശേഷം മാധ്യമങ്ങളെ കണ്ട നിർമല സീതാരാമൻ വ്യക്തമാക്കി.
സായുധ സേനയിലെ അംഗങ്ങൾക്കും അവരുടെ കുടുബങ്ങൾക്കുമായിരിക്കും പ്രഥമ പരിഗണനയെന്നും നിർമല വ്യക്തമാക്കി. ഏൽപ്പിക്കപ്പെട്ടിരിക്കുന്ന ദൗത്യം ഏറ്റവും വിജയപ്രദമായി പൂർത്തിയാക്കുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും സൈന്യത്തിന് ഉറപ്പുവരുത്തുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി സൈന്യത്തെ കൂടുതല്‍ സജ്ജമാക്കുകയും സാങ്കേതികമായി നവീകരിക്കുകയും ചെയ്യും. സൈന്യവുമായും പ്രതിരോധ മന്ത്രാലയവുമായും ബന്ധപ്പെട്ട് ദീർഘകാലമായി നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി ചർച്ച നടത്തി പരിഹാരം കാണും.
പ്രതിരോധ ആവശ്യങ്ങള്‍ക്കായുള്ള ഉപകരണങ്ങളുടെ നിര്‍മ്മാണത്തിന് പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയായ ‘മേയ്ക്ക് ഇന്‍ ഇന്ത്യ’യ്ക്ക് കൂടുതല്‍ ഉൗന്നല്‍ നല്‍കുമെന്നും അവർ വ്യക്തമാക്കി. ഇന്ത്യയ്ക്കും ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയത്തിനും ലോകത്തിനു മുന്നിൽ വ്യക്തമായ മേൽവിലാസമുണ്ടാക്കിക്കൊടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ പ്രതിരോധ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് ആത്മാർഥമായി പരിശ്രമിക്കുമെന്നും നിർമല സീതാരാമൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ പുനഃസംഘടനയിലാണ് കാബിനറ്റ് മന്ത്രിപദവിയിലേക്ക് നിർമല സീതാരാമന് ഉയർത്തപ്പെട്ടത്. മുൻപ് വാണിജ്യ സഹമന്ത്രിയായിരുന്നു അവർ. ആദ്യമായാണ് വനിത പൂർണമായി പ്രതിരോധ വകുപ്പിന്റെ ചുമതല വഹിക്കുന്നത്. ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരിക്കെ, പ്രതിരോധ വകുപ്പും കൈകാര്യം ചെയ്തിരുന്നു. ഗോവ മുഖ്യമന്ത്രിയായതിനെ തുടർന്നു മനോഹർ പരീക്കർ ഒഴിഞ്ഞതോടെ ധനമന്ത്രി അരുൺ ജയ്റ്റ്ലി പ്രതിരോധവും കൈകാര്യം ചെയ്യുകയായിരുന്നു.
കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാകാര്യങ്ങൾക്കായുള്ള സമിതിയിൽ ഇപ്പോൾ രണ്ടു വനിതകളായി – വിദേശകാര്യമന്ത്രി സുഷമ സ്വരാജും പ്രതിരോധമന്ത്രി നിർമല സീതാരാമനും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, ധനമന്ത്രി അരുൺ ജയ്റ്റ്ലി എന്നിവരാണ് ഈ സമിതിയിലെ മറ്റ് അംഗങ്ങൾ.
Discussion about this post