പാറ്റ്ന: ജെഡിയു നേതാവ് നിതീഷ് കുമാര്‍ ആര്‍ജെഡിയുമായുള്ള മഹാസഖ്യം ഉപേക്ഷിച്ചതിന് പിന്നാലെ കോണ്‍ഗ്രസും പിന്‍വാങ്ങുന്നു. ലാലുപ്രസാദ് യാദവിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പറഞ്ഞ് ആര്‍ജെഡിയുമായി സഖ്യത്തിലായിരുന്ന കോണ്‍ഗ്രസിലെ 27 എംഎല്‍മാരില്‍ 19 പേരും സഖ്യം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.
എന്നാല്‍ വേര്‍പിരിയല്‍ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് തന്നെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തു നിന്നും ഇറക്കാന്‍ ചിലര്‍ ചേര്‍ന്നു കളിക്കുന്ന ഗൂഡാലോചന എന്നാണ് ബീഹാര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി തലവന്‍ അശോക് ചൗധരി പറഞ്ഞത്. രാഹുലുമായി എംഎല്‍എമാര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ബിപിസിസി അദ്ധ്യക്ഷന്‍ പങ്കാളിയായില്ല. എന്നാല്‍ താന്‍ ഉടന്‍ സോണിയയേയും രാഹുലിനേയും കാണുമെന്ന് ഇയാള്‍ വ്യക്തമാക്കിയിട്ടുണ്ട്. രാഹുലിന്റെ യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്താണെന്ന ചോദ്യത്തിന് ചില വ്യക്തിപരമായ കാര്യങ്ങളാലാണ് വിട്ടു നിന്നതെന്നും നിതീഷ് രാജി വെച്ചതിന് പിന്നാലെ തന്നെ താന്‍ സോണിയയെയും രാഹുലിനെയും കണ്ടിരുന്നെന്നും പറഞ്ഞു.
സഖ്യം വിടാന്‍ കൂട്ടാക്കാത്ത അശോക് ചൗധരി 14 കോണ്‍ഗ്രസ് എംഎല്‍എ മാരുടെയും നാല് എംഎല്‍സി അംഗങ്ങളുടെയും പിന്തുണ തനിക്കുണ്ടെന്നാണ് പറയുന്നത്. നിതീഷ്കുമാറുമായി നല്ല ബന്ധം തുടരുന്ന ചൗധരിക്ക് കോണ്‍ഗ്രസ് ലജിസ്ളേറ്റീവ് പാര്‍ട്ടി തലവന്‍ സദാനന്ദ സിംഗിന്റെയും പരോക്ഷ പിന്തുണയുണ്ട്.
അതേസമയം കോണ്‍ഗ്രസ് വിമതരെ ലക്ഷ്യമിട്ട് നിതീഷ് മന്ത്രിസഭയിലെ എട്ടു കസേരകളാണ് ഒഴിച്ചിട്ടിരിക്കുന്നത്. കോണ്‍ഗ്രസിന് വിശ്വസിക്കാന്‍ കൊള്ളാത്തയാളാണ് ലാലുപ്രസാദ് എന്നാണ് രാഹുലിനെ കാണാനെത്തിയ എംഎല്‍എമാര്‍ ആരോപിച്ചത്.
മുസ്ളീം-യാദവ മണ്ഡലങ്ങളില്‍ തന്റെ പാര്‍ട്ടിയെ നിര്‍ത്തുകയും ഒരിക്കലും ജയിക്കാന്‍ അവസരം കിട്ടാത്ത മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് അവസരം നല്‍കുകയുമാണ് ചെയ്യുന്നതെന്നും അതുകൊണ്ടാണ് രണ്ടു ദശകമായിട്ട് കോണ്‍ഗ്രസിന് കാര്യമായ പ്രകടനം നടത്താന്‍ കഴിയാതെ പോകുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. 243 അംഗങ്ങളുള്ള ബീഹാര്‍ അസംബ്ളിയില്‍ 27 എംഎല്‍എമാര്‍ ആണ് കോണ്‍ഗ്രസിനുള്ളത്. ഇവരില്‍ ആറുപേര്‍ ലെജിസ്ളേറ്റീവ് കൗണ്‍സില്‍ അംഗങ്ങളാണ്.
Discussion about this post