ആലുവ: മയക്കുമരുന്നിന്റെ വന്‍ശേഖരവുമായി സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിന്റെ മകന് ഉള്‍പ്പെടെ മൂന്നംഗ സംഘം എക്സൈസിന്റെ പിടിയിലായി. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം എം.സി. സുരേന്ദ്രന്റെ മകന് തൃപ്പൂണിത്തറ കോട്ടപ്പുറം സാകേതത്തില്‍ സുരേഘ് സുരേന്ദ്രന് (24), തൃപ്പൂണിത്തുറ സൗത്ത് ദേശത്ത് ദേവതി വീട്ടില്‍ ഗോവിന്ദ് വേണുഗോപാല്‍ (21), തൃപ്പൂണിത്തുറ മരട് ലക്ഷ്മിപ്രഭയില്‍ വിഗ്നേഷ് (25) എന്നിവരാണ് അറസ്റ്റിലായത്.
എക്സൈസ് സ്പെഷല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജി ലക്ഷ്മണന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. വര്‍ഷങ്ങളായി മയക്കുമരുന്ന് ഉപയോഗിക്കുന്ന സംഘം ആദ്യമായാണു പിടിയിലായത്.
കൊച്ചി, വാഗമണ്‍, സൂര്യനെല്ലി എന്നീ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ വില്‍പ്പന. രഹസ്യവിവരത്തെത്തുടര്‍ന്ന് എക്സൈസ് സ്പെഷല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജി ലക്ഷ്മണന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ സി.പി.എം. നേതാവിന്റെ മകന് സുരേഘ് 140 മില്ലിഗ്രാം എല്‍.എഫ്.ഡി. സ്റ്റാമ്പുമായാണ് ആദ്യം പിടിയിലായത്. തൃപ്പൂണിത്തുറ വടക്കേകോട്ട വാതിലിനു സമീപം പെട്രോള്‍ പമ്പിനു സമീപം ഇടപാടുകാരെ കാത്തുനില്ക്കുമ്പോഴാണു സുരേഘ് പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്. ഇയാളെ ചോദ്യംചെയ്തപ്പോഴാണു കൂട്ടാളികളെക്കുറിച്ച് സൂചന ലഭിച്ചത്. പിന്നീട് ഇരുമ്പനം ജങ്ഷനില്‍ ട്രാഫിക് സിഗ്നലിന്റെ വടക്കുഭാഗത്തുനിന്ന് ഗോവിന്ദ് വേണുഗോപാലിനെ പിടികൂടി. ഇയാളില്‍ നിന്ന് 2.74 ഗ്രാം, എം.ഡി.എം.എ. എന്ന സിന്തറ്റിക് മയക്കുമരുന്നും പിടിച്ചെടുത്തു.
130 മില്ലിഗ്രാം മയക്കുമരുന്നു സ്റ്റാമ്പുകളും 15 ഗ്രാം ഗഞ്ചാവുമായി മരട് ഭാഗത്തു നിന്നാണു വിഗ്നേഷിനെ പിടികൂടിയത്. എം.ഡി.എം.എ. മയക്കുമരുന്ന് അര ഗ്രാം കൈവശം വച്ചാല്‍പോലും കോടതി ജാമ്യംനല്കാത്ത കുറ്റമാണ്. ഒരു ഗ്രാമിന് 13,000 രൂപ വിലവരും. എല്‍.എഫ്.ഡി. 20 മില്ലിയില്‍ കൂടുതല്‍ പിടിച്ചാലും ജാമ്യം ലഭിക്കില്ല. 22 മില്ലി ഉപയോഗിച്ചാണ് സ്റ്റാമ്പ് ഉണ്ടാക്കുന്നത്. ഇതിന് 2,300 രൂപയാണ്.
കൊച്ചിയിലെ നിശാപാര്‍ട്ടികള്‍ക്കും മൂവരും മയക്കുമരുന്നുകള്‍ എത്തിച്ചു നല്‍കാറുണ്ട്. ബംഗളുരു, ഗോവ എന്നിവിടങ്ങളില്‍നിന്നാണ് വന്‍തോതില്‍ എല്‍.എസ്.ഡിയും എം.ഡി.എം.എയും കഞ്ചാവും വാങ്ങുന്നത്. വാങ്ങുന്ന വിലയേക്കാള്‍ ഇരട്ടിയിലധികം വില വര്‍ധിപ്പിച്ചായിരുന്നു ഇവരുടെ വില്‍പ്പന.
ഫേസ്ബുക്ക് കൂട്ടായ്മ വഴിയാണ് മയക്കുമരുന്നു വില്‍പ്പന നടത്തിയിരുന്നത്. ഇവരുടെ സംഘത്തിലെ മറ്റു പല പ്രമുഖരും ഉടന്‍ പിടിയിലാകുമെന്ന് എക്സൈസ് സ്പെഷല്‍ സ്ക്വാഡ് സി.ഐ. സജി ലക്ഷ്മണന് അറിയിച്ചു.
പ്രതികളുടെ ചിത്രവും വിലാസവും മാധ്യമങ്ങളില്‍ വരാതിരിക്കാന്‍ എക്സൈസ് സംഘത്തിനുമേല്‍ കടുത്ത സമ്മര്ദമാണുണ്ടായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Discussion about this post