കൊച്ചി: പോലീസ് ചോദ്യം ചെയ്യല്ലിനിടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന് നാദിര്‍ഷയെ ചോദ്യം ചെയ്യുന്നത് പോലീസ് മറ്റൊരു ദിവസത്തേക്ക് മാറ്റി.
ഇന്ന് തന്നെ ചോദ്യം ചെയ്യലിന് ഹാജരാവാമെന്ന് ചികിത്സയില്‍ കഴിയുന്ന നാദിര്‍ഷാ പോലീസിനെ അറിയിച്ചെങ്കിലും ഇന്ന് ഇനി ചോദ്യം ചെയ്യല്‍ വേണ്ടെന്നാണ് പോലീസ് നിലപാട്.
തന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും വൈകുന്നേരം നാല് മണിക്ക് ശേഷം എപ്പോള്‍ വേണമെങ്കിലും ചോദ്യം ചെയ്യല്ലിനായി ഹാജരാവാം എന്നുമായിരുന്നു നാദിര്‍ഷാ പോലീസിനെ അറിയിച്ചത്.ഇന്ന് രാവിലെ 9.45 ഓടെയാണ് നാദിര്‍ഷ ആലുവ പോലീസ് ക്ലബ്ബില്‍ എത്തിയത്. തുടര്‍ന്ന് ചോദ്യം ചെയ്യലിനുള്ള പ്രാരംഭ നടപടികള്‍ പുരോഗമിക്കവെയാണ് നാദിര്‍ഷായുടെ രക്തസമ്മര്‍ദം ഉയര്‍ന്നത്.
ഉടന്‍ തന്നെ വൈദ്യ പരിശോധനയ്ക്കായി ഡോക്ടര്‍മാരുടെ സംഘത്തെ പോലീസ് ക്ലബ്ബിലേക്ക് വിളിച്ചു വരുത്തി. റൂറല്‍ എസ്പി എ.വി ജോര്‍ജ്, അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥന് ബൈജു പൗലോസ് എന്നിവരുടെ സാന്നിധ്യത്തില്‍ നടത്തിയ പരിശോധനയില്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് താഴ്ന്നതായും കണ്ടെത്തി.
വൈദ്യ പരിശോധനയില്‍ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് കണ്ടെത്തിയാല്‍ മാത്രമേ നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യലിനു വിധേയമാക്കുകയുള്ളു എന്ന് റൂറല്‍ എസ്പി എ.വി. ജോര്‍ജ്ജ് അറിയിച്ചു. ഇക്കാര്യം കോടതിയെ അറിയിക്കും.
ഇതിന് മുമ്പ് നാദിര്‍ഷയോട് ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നതാനാല് അദ്ദേഹത്ത് ഹാജരാകാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന്, താന്‍ അന്വേഷണ സംഘവുമായി സഹകരിച്ചിരുന്നെന്നും എന്നാല്‍, പോലീസ് ഭീഷണിപെടുത്തുന്നതായും കാണിച്ച് നാദിര്‍ഷ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുകയായിരുന്നു.
Discussion about this post