ബംഗളൂരു:ഭൂമി ഏറ്റെടുക്കല്‍ നിയമഭേദഗതി നടപ്പാക്കുമ്പോള്‍ കര്‍ഷക താല്പര്യം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കര്‍ഷകര്‍ക്ക് നേട്ടമെത്തിക്കാനാണ് ഭൂനിയമ ഭേദഗതിയിലൂടെ ശ്രമിക്കുന്നത്, എന്നാല്‍ കര്‍ഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനെന്ന മട്ടില്‍ ചിലര്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും മോദി പറഞ്ഞു. ബിജെപിയുടെ ദേശീയ നിര്‍വാഹക സമിതി യോഗത്തിന്റെ സമാപനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ദരിദ്രനായി ജനിച്ച തനിക്ക് കര്‍ഷകരുടെ വേദന മനസിലാക്കാനാകും. കര്‍ഷകരെ ശക്തിപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ പ്രധാനലക്ഷ്യം. കര്‍ഷകര്‍ക്ക് നഷ്ടമായ ഭൂമി അവര്‍ക്ക് തിരിച്ചു നല്‍കാനുളള ഭേദഗതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സാങ്കേതിക വിദ്യയും അടിസ്ഥാന സൗകര്യവികസനവുമാണ് കാര്‍ഷിക മേഖലയ്ക്ക് ആവശ്യം. വികസന പാതയില്‍ കര്‍ഷകരെ എത്തിക്കാന്‍ നല്ല റോഡുകള്‍, മികച്ച ജലസേചന സൗകര്യം നിലയ്ക്കാത്ത വൈദ്യുതി ലഭ്യത തുടങ്ങിയവ ഉറപ്പാക്കേണ്ടതുണ്ട്. ഇക്കാര്യങ്ങളിലൊന്നും മുന്‍സര്‍ക്കാരിന് വേണ്ട വിധം പ്രവര്‍ത്തിക്കാനായില്ലെന്ന് മോദി പറഞ്ഞു.
രാജ്യം മുന്നോട്ടു പോകാന്‍ ദേശീയ പതാകയിലെ നാലു നിറങ്ങള്‍ പോലെ നാലു വിപ്ളവങ്ങളാണുണ്ടാവേണ്ടത്. പാലിനായി ശ്വേത വിപ്ളവം, സമുദ്രത്തിനായി നീല വിപ്ളവം, ധാന്യങ്ങള്‍ക്കായി ഹരിത വിപ്ളവം, ഊര്‍ജത്തിനായി കുങ്കുമ വിപ്ളവം എന്നിവയാണവ. ഏതു രാഷ്ട്രീയ കക്ഷിയാണ് സംസ്ഥാനം ഭരിക്കുന്നതെന്നതില്‍ ഇതില്‍ പ്രാധാന്യമൊന്നുമില്ലെന്നും, വികസനത്തിലല് സംസ്ഥാനങ്ങളുടെ തുല്യ പങ്കാളിത്തം ഉറപ്പ് വരുത്തുമെന്നും മോദി പറഞ്ഞു.
Discussion about this post