ഹൈദരാബാദ് : ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരം ഇന്നു നടക്കും. വൈകിട്ട് ഏഴു മുതല്‍ ഹൈദരാബാദ് ഉപ്പലിലെ രാജീവ് ഗാന്ധി സ്‌റ്റേഡിയത്തിലാണ് മത്സരം. മൂന്ന് മത്സരങ്ങള്‍ അടങ്ങിയ പരമ്പര 1-1 നു തുല്യനിലയില്‍ ആയതിനാല്‍ ഇന്നു ജയിക്കുന്നവര്‍ പരമ്പര നേടും.
ഏകദിന പരമ്പരയും ഒന്നാം ട്വന്റി-20യും നേടിയ ആത്മവിശ്വാസവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് ഗുവാഹത്തിയില്‍ നടന്ന രണ്ടാം ട്വന്റി-20 മല്‍സരത്തില്‍ കനത്ത തിരിച്ചടിയാണ് ഓസീസ് നല്‍കിയത്. സമസ്ത മേഖലകളിലും ഇന്ത്യയെ നിഷ്പ്രഭരാക്കിയാണ് ടി-20 പരമ്പരയില്‍ ഓസീസ് തുല്യത പിടിച്ചത്. പേസര്‍ ജേസണ്‍ ബെഹറെന്‍ഡോര്‍ഫിന്റെ മികച്ച പ്രകടനമാണ് ഓസീസ് വിജയത്തില്‍ നിര്‍ണായകമായത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ സ്ഥിരം വേദിയാണെങ്കിലും ആദ്യമായാണു ഇവിടെ രാജ്യാന്തര മത്സരം നടക്കുന്നത്. രണ്ടാം മത്സരത്തില്‍ നിന്നും കാര്യമായ മാറ്റങ്ങളില്ലാതെയാകും ഇന്ത്യന്‍ ടീം ഇന്നിറങ്ങുക. അതേ സമയം ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ആശിഷ് നെഹ്‌റക്ക് ഇന്ന് അവസരം നല്‍കുമോ എന്ന് വ്യക്തമല്ല. മല്‍സരത്തിന് മഴ ഭീഷണിയുണ്ട്.
Discussion about this post