ഡല്‍ഹി: ചൈനയുടെ പാരിതോഷകം കൈപ്പറ്റിയത് സിപിഎം മാത്രമല്ലെന്നു വെളിപ്പെടുത്തല്‍. സിപിഐയും സമ്മാനങ്ങള്‍ സ്വീകരിച്ചു. ചൈനീസ് എംബസി ഉദ്യോഗസ്ഥന്റെ പാരിതോഷികം സിപിഐ നേതാക്കളും കൈപ്പറ്റിയെന്ന് പാര്‍ട്ടിയുടെ മഹിളാ വിഭാഗം ജനറല്‍ സെക്രട്ടറി ആനി രാജ ഫേസ്ബുക്കില്‍ കുറിച്ചു. രാജ്യസഭാംഗവും ഭര്‍ത്താവുമായ ഡി. രാജയ്ക്ക് മധുരപലഹാരങ്ങള്‍, ചോക്ലേറ്റുകള്‍, ഗ്രീന്‍ ടീ എന്നിവ നല്‍കിയെന്നാണ് അവര്‍ വ്യക്തമാക്കിയത്.
സിപിഎം കേന്ദ്ര കമ്മിറ്റിക്കിടെ ചൈനീസ് എംബസി ഉദ്യോഗസ്ഥന് സിപിഎം ആസ്ഥാനമായ ഡല്‍ഹിയിലെ എകെജി ഭവനിലെത്തി സമ്മാനങ്ങള്‍ കൈമാറുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുമ്പോഴും സിപിഎം തുടര്‍ച്ചയായി ചൈന അനുകൂല നിലപാട് സ്വീകരിക്കുന്നതിനിടെയാണ് ഈ സംഭവം പുറത്തുവന്നത്.
ചൈനയുടെ സമ്മാനം കൈപ്പറ്റിയത് വാര്‍ത്തയായിട്ടും സിപിഎം നേതാക്കള്‍ പ്രതികരിച്ചില്ല. ഇതിനിടെയാണ് ആനി രാജ രംഗത്തെത്തിയതെന്നതും ശ്രദ്ധേയം. ആദ്യമായല്ല ചൈനീസ് എംബസിയുടെ സമ്മാനം ലഭിക്കുന്നതെന്ന് ആനി രാജ ‘ജന്മഭൂമി’യോട് പറഞ്ഞു. ഇത് അവസാനത്തേതുമല്ല. കമ്യൂണിസ്റ്റ് പാര്‍ട്ടികളുമായി ബന്ധമുള്ള എംബസികളില്‍ നിന്ന് വര്‍ഷങ്ങളായി ദീപാവലിക്കും പുതുവര്‍ഷത്തിനും ഉപഹാരങ്ങള്‍ ലഭിക്കാറുണ്ട്.
കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മിലുള്ള ബന്ധം ലോകത്തെല്ലാവര്‍ക്കും അറിയുന്നതാണ്, അവര്‍ ന്യായീകരിച്ചു. ആഘോഷാവസരങ്ങളില്‍ സുഹൃത്തുക്കളുടെ വിട്ടീല്‍ പോകുമ്പോള്‍ സമ്മാനം നല്‍കാറുള്ള കാര്യവും അവര്‍ ഉന്നയിക്കുന്നു.
Discussion about this post