നന്ദികേശന്‍
അടുത്തിടെ നമ്മുടെ കടകളില്‍ കിട്ടിത്തുടങ്ങിയ ഒരു പുതിയ എലിക്കെണിയുണ്ട്..!! മൗത്ത് ട്രാപ്പ് ബുക്ക്(MOUSE TRAP BOOK )എന്നാണ് അതിന്റെ പേര്. അതു തുറന്നു മലര്‍ത്തി അതിന്റെ മധ്യഭാഗത്ത് എന്തെങ്കിലും തീറ്റയും ഇട്ട് എവിടെയെങ്കിലും വെച്ചാല്‍ മതി. എലി വന്നു കയറി ആ പശയില്‍ ഒട്ടിപ്പിടിക്കും..!! ഒരിക്കല്‍ അതില്‍പ്പെട്ടാല്‍ പിന്നെ ഒരുമാതിരി എലികള്‍ക്കൊന്നും രക്ഷയില്ല. ജീവന്‍ പോയാലും ആ പശയില്‍ നിന്ന് രക്ഷപ്പെടാന്‍ പറ്റില്ല..!
ലക്ഷണങ്ങള്‍ കണ്ടിട്ട് ഈ യു.ഡി.എഫ് എന്ന് പറയുന്ന സംഭവം ഇതുപോലെ ഒരു എലിക്കെണിയായി മാറിക്കൊണ്ടിരിക്കുകയാണോ എന്നൊരു സംശയം തോന്നുന്നുണ്ട്…!! അതില്‍ ചെന്നുപെട്ടാല്‍ രക്ഷപ്പെട്ടു പോരാന്‍ വല്യ ബുദ്ധിമുട്ടാണ് എന്നാണ് അനുഭവസ്ഥരായ എലികളുടെ അഭിപ്രായം. എത്രയൊക്കെ കയ്യും കാലുമിട്ട് അടിച്ചാലും രക്ഷയില്ല..!! പശ മുറുകിക്കൊണ്ടേയിരിക്കും. ഒരിക്കല്‍ ശരീരത്തില്‍ പറ്റിപ്പോയാല്‍ പിന്നെ ജീവന്‍ പോയാലും പശ വിടുകേല..!!
ഇപ്പോള്‍ ഈ പശയുടെ സുഖം അറിയുന്നത് വേറെയാരുമല്ല; നമ്മുടെ പീസീ സാറാണ്. കേരളരാഷ്ട്രീയത്തില്‍ എന്തൊക്കെ അഭ്യാസം നടത്തിയ ആളാണ്..? സ്വന്തം കക്ഷി നേതാവിനെയും മുന്നണി കണ്‍വീനറെയും ഒക്കെ പച്ചയ്ക്ക് തെറി വിളിക്കാന്‍ ലൈസന്‍സ് ഉള്ള കേരളത്തിലെ ഏകനേതാവാണ് പീസീ..പീസീ ഏതു പാര്‍ട്ടിയിലാണ് എന്ന് നാട്ടുകാര് മനസ്സിലാക്കുന്നത് തന്നെ അന്ന് അദ്ദേഹം ഏതു നേതാവിന്റെ തന്തയ്ക്കാണ് വിളിക്കുന്നത് എന്ന് നോക്കിയിട്ടാണ്..പക്ഷെ അങ്ങനെയുള്ള പീസീയ്ക്ക് പോലും ഈ യു.ഡി.എഫ് പശയില്‍ നിന്ന് ഊരാന്‍ പറ്റുന്നില്ല..യു.ഡി.എഫ് നെ പ്പോലെ തന്നെ പശയുള്ള ഒരു ഇനമാണ് ഇപ്പോള്‍ മാണി കോണ്‍്ഗ്രസ് എന്നാണ് അനുഭവത്തിന്റെ ടോര്‍ച്ചുവെളിച്ചം വച്ച് പീസീ പറയുന്നത്…!! ജോസഫിനെ തെറിപറഞ്ഞു സെകുലര്‍ ആവാന്‍ എന്തെളുപ്പം ആയിരുന്നു..? ആമുഖം കഴിഞ്ഞപ്പോള്‍ തന്നെ ഒഴുമുറി വച്ച് പോയ്‌ക്കോളാനാണ് അന്ന് ജോസഫ് സമ്മതിച്ചത്..!! അത്രയ്ക്കായിരുന്നു ആമുഖത്തിന്റെ കടുപ്പം..!! അതുകൊണ്ട് ബാക്കി ഭാഗത്തിലേയ്ക്ക് കടക്കേണ്ടി വന്നില്ല.! എല്‍.ഡി.എഫില്‍ നിന്ന് പോരാനും വല്യ ബദ്ധപ്പാടൊന്നും ഉണ്ടായില്ല. അത്രേം നാള്‍ പാലാമെമ്പര്‍ എന്ന് വിളിച്ചു ശീലിച്ച നാവുകൊണ്ട് മാണിസാര്‍ എന്ന് വിളിക്കാന്‍ ലേശം ബുദ്ധിമുട്ടി; എങ്കിലും അഡ്ജസ്റ്റ് ചെയ്തു..!!
ഇപ്പോള്‍ മാണിസാറിനെ തെറി പറഞ്ഞു മാണി കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്തു കടക്കാന്‍ നോക്കിയപ്പോഴാണ് യു.ഡി.എഫ് പശയുടെ ബലം മനസ്സിലായത്..!! നിസ്സാരപ്പെട്ട ബലം അല്ലാ ട്ടോ; സംഗതി ഇച്ചിരി കടുപ്പം തന്നെയാണ്..
ആദ്യം കള്ളന്‍ എന്ന് വിളിച്ചു നോക്കി.. ഇപ്പൊ പുറത്താക്കും എന്ന് വിചാരിച്ചു കെട്ടും ഭാണ്ഡവും മുറുക്കി..!! പക്ഷെ ഒരു പുഞ്ചിരിയാണ് മറുപടിയായി കിട്ടിയത്.! ആ വിളി കേള്‍ക്കാതെ മന്ത്രിസഭയിലെ ആര്‍ക്കും അവസ്ഥയാണ്. പിന്നെ ചെറുതായി ഒന്ന് തന്തയ്ക്ക് വിളിച്ചു..!! ഇതിനേക്കാള്‍ വല്യ വിളി കേട്ടിട്ടുണ്ട് മോനേ എന്ന രീതിയില്‍ ഒരു നോട്ടം നോക്കി എന്നല്ലാതെ മറ്റൊന്നും ഉണ്ടായില്ല. ഒടുവിലിപ്പോള്‍ അറിയാവുന്ന പൂരപ്പാട്ട് മുഴുവന്‍ പാടി നോക്കി..നാല് തലമുറ മുന്‍പോട്ടും പിന്‍പോട്ടും ചേര്‍ത്തു തെറി പറഞ്ഞു.! പക്ഷെ ഇതൊന്നും കൊണ്ട് യു.ഡി.എഫ് പശയില്‍ നിന്ന് രക്ഷപ്പെടാന്‍ പറ്റുമെന്ന് തോന്നുന്നില്ല. ഒന്നു പുറത്താക്കിത്തരൂ എന്ന് കാലുപിടിച്ചു കെഞ്ചി നോക്കി..!! ഒടുവിലിപ്പോള്‍ കര്‍ത്താവിന്റെ കൃപ കൊണ്ട് ചീഫ് വിപ്പ് എന്ന പാനപാത്രം ഒഴിവായിക്കിട്ടിയിട്ടുണ്ട്.. ഇനിയും എന്തെല്ലാം അനുഭവിക്കണം ഈ കെണിയില്‍ നിന്നും പുറത്തുകടക്കാന്‍..?
പശയെ മാത്രം പഴിപറഞ്ഞിട്ടു കാര്യമില്ല..! ഈ എലിയ്ക്കും ഉണ്ട് നല്ല കൊണം.. പശയില്‍ നിന്ന് സ്വയം ഊരിപ്പോയാല്‍ നിയമസഭാംഗത്വവും ഒപ്പം ഊരി നിലത്തുവീഴും എന്ന് ഈ എലിയ്ക്ക് നന്നായി അറിയാം..!! എലിയാരാ മോന്‍..? അപ്പൊപ്പിന്നെ വേറെ എന്ത് വഴി.!! പശയ്ക്ക് അകത്തുകിടന്ന് പരമാവധി അലമ്പുണ്ടാക്കുക..!! സഹികെടുമ്പോള്‍ ആരെങ്കിലും തോണ്ടി പുറത്തു കളയും; അപ്പോള്‍ രക്ഷപ്പെടാം…!! അതാണ് പീസീ സാറിന്റെ ബുദ്ധി…!!
യു.ഡി.എഫ് പശയുടെ കടുപ്പം ശരിക്കും അറിഞ്ഞ മറ്റുചിലര്‍ കൂടിയുണ്ട്..!! അച്ഛനും മോനും വളരെ ബദ്ധപ്പെട്ടാണ് ഈ പശക്കെണിയില്‍ നിന്ന് പുറത്തു വന്നത്..!! നിത്യവും നാല് നേരം വീതം മുഖ്യനെ തെറിപറഞ്ഞു നാല്‍പ്പത്തൊന്നു ദിവസത്തെ വ്രതം നോറ്റാണ് സംഗതി സാധിച്ചെടുത്തത്…
! അല്ലെങ്കിലും ചില ചുണ്ടെലികളെ മാത്രം തളയ്ക്കാനുള്ള ബലമേ പശയ്ക്കുള്ളൂ എന്നൊരു ആക്ഷേപം പൊതുവേയുണ്ട്..!! പന്നിയെലിയും പെരുച്ചാഴിയൊക്കെ ഈസിയായി ഇതു താണ്ടി കടന്നു പോകും..!!! പശ കൂടിക്കൂടി നാട്ടുകാര് കയറി ഒട്ടാതിരുന്നാല്‍ മതി എന്നാണ് ഇപ്പോഴത്തെ പ്രാര്‍ത്ഥന..!!
Discussion about this post