കൊച്ചി: ഗതാഗത മന്ത്രി തോമസ് ചാണ്ടി കുട്ടനാട്ടിലെ മാര്‍ത്താണ്ഡം കായല്‍ മണ്ണിട്ടു നികത്തി പാര്‍ക്കിംഗ് പ്രദേശമാക്കിയെന്നും പൊതുവഴി കൈയേറി സ്വന്തം ഭൂമിയില്‍ ലയിപ്പിച്ചെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായി ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി. അനുപമ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. മാര്‍ത്താണ്ഡം കായല്‍ നികത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് കളക്ടര്‍ ഇക്കാര്യം അറിയിച്ചത്.
കായല്‍ നികത്തുന്നതിനായി 64 പേരില്‍ നിന്നായി അഞ്ച് സെന്റ് ഭൂമി വീതം തോമസ് ചാണ്ടി വാങ്ങിയിരുന്നു. ഇതില്‍ 11 ഭൂമി ഇടപാട് കേസുകള്‍ പരിശോധിച്ചു. ഇനിയും 53 എണ്ണം പരിശോധിക്കാനുണ്ട്. പല ഇടപാടുകളുടേയും രേഖകള്‍ കാണാതായിട്ടുണ്ട്. അതിനാല്‍ പരിശോധന പൂര്‍ത്തിയാക്കാനായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട ഭൂമിയില്ല കൈയേറിയത്. 2011ല്‍ ഇതേക്കുറിച്ച് അന്വേഷിച്ചിരുന്നു. എന്നാല്‍, എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയില്ലെന്നും റിപ്പോര്‍ട്ടില്‍ കളക്ടര്‍ വ്യക്തമാക്കി.
ലേക് പാലസ് റിസോര്‍ട്ടിന് സമീപത്തെ പാര്‍ക്കിംഗ് ഏരിയ കായല്‍ പ്രദേശമായിരുന്നുവെന്ന് മുന്‍ വര്‍ഷങ്ങളിലെ ഉപഗ്രഹ ചിത്രങ്ങള്‍ പരിശോധിച്ചപ്പോള്‍ വ്യക്തമായി. ലേലത്തിനെടുത്ത മണ്ണ് ഉപയോഗിച്ചാണ് കൈയേറിയ കായല്‍ പ്രദേശം നികത്തിയത്. സമീപ പ്രദേശത്ത് നിന്ന് സര്‍ക്കാര്‍ ഏജന്‍സി നീക്കിയ മണ്ണ് കായല്‍ ഭാഗത്ത് നിക്ഷേപിക്കാന്‍ മന്ത്രി നിര്‍ദ്ദേശിക്കുകയായിരുന്നു. പിന്നീടിത് ഉയര്‍ന്ന തുകയ്ക്ക് ലേലം ചെയ്തുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
Discussion about this post