തിരുവനന്തപുരം; സംസ്ഥാനത്ത് ചൂട് കനക്കുന്നു. ചൂട് വർദ്ധിച്ചതോടെ പലയിടത്തും കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. ഈ സാഹചര്യത്തിൽ പൂനൈ ഇന്ത്യൻ ഇൻസ്റ്റിറ്റൂയട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റിരിയോളജി പുറത്ത് വിട്ട റിപ്പോർട്ട് ചർച്ചയാവുന്നുണ്ട്. സംസ്ഥാനത്ത് ഇപ്പോൾ അനുഭവപ്പെടുന്ന ഉഷ്ണതരംഗം വരും വർഷങ്ങളിലെ വേനൽക്കാലങ്ങളിലും ആവർത്തിക്കാൻ സാധ്യതയെന്ന മുന്നറിയിപ്പു നൽകുന്നതാണ് പുതിയ പഠനം. അറബിക്കടൽ ഉൾപ്പെടെ ഇന്ത്യൻ മഹാസമുദ്രം തിളച്ചു മറിയുന്ന പ്രവണതയ്ക്കു തുടക്കമിട്ടതാണ് കേരളത്തിലും മറ്റും ചൂട് വർധിപ്പിക്കുന്നതെന്നു വ്യക്തമാക്കുന്നതാണ് ഇത്.ജെ.എസ്. ശരണ്യ, അതിഥി മോദി, അനുശ്രീ അശോക് എന്നിവരും മറ്റ് ആഗോള തലത്തിലെ ചില ഗവേഷകരും ചേർന്ന് തയാറാക്കിയ പഠനം എൽസെവിയർ എന്ന ശാസ്ത്ര മാസികയാണു പ്രസിദ്ധീകരിച്ചത്
കടൽ തിളച്ചു മറിയുന്ന ദിവസങ്ങളുടെ എണ്ണം 12 മടങ്ങു വരെ വർധിച്ച് 220 മുതൽ 250 വരെ ദിവസങ്ങൾ എന്ന സ്ഥിതി സംജാതമാകും. വർഷത്തിൽ 20 ദിവസം മാത്രമാണ് നിലവിൽ കടൽത്താപനില പരിധിവിട്ട് ഉയരുന്നത്. എന്നാൽ കരയിൽ നിന്നുയരുന്ന താപമത്രയും ഏറ്റുവാങ്ങുന്നതു കടലായതിനാൽ സ്ഥിതിഗതികൾ മാറി മറിയും.
അറബിക്കടലിന്റെ ഇപ്പോഴത്തെ താപനില 28 ഡിഗ്രിക്ക് താഴെയാണ്. എന്നാൽ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇത് 30.7 ഡിഗ്രി വരെയായി ഉയരാം. സമുദ്രതാപം 28 ഡിഗ്രിക്ക് മുകളിലേക്ക് പോയാൽ ചുഴലിക്കാറ്റുകളുടെ എണ്ണവും തീവ്രതയും വർധിക്കും. പ്രളയസാധ്യതയും തള്ളിക്കളയാനാവില്ല. 2017 നവംബറിൽ കേരള തീരത്തുകൂടി കടന്നുപോയ ഓഖി ചുഴലിക്കാറ്റ് ഈ പ്രവണതയ്ക്കു തുടക്കമിട്ടു. ചൂടു കൂടുന്നതോടെ കടൽ തിളച്ചുതൂവുന്ന കള്ളക്കടൽ പ്രതിഭാസം കേരളം ഉൾപ്പെടെ പല തീരപ്രദേശങ്ങളിലും കാണാം. കടൽ കയറി വരുന്നതോടെ തീരത്തിന്റെ ചിത്രം തന്നെ മാറ്റിവരയ്‌ക്കേണ്ട സ്ഥിതിയാണ് നിലവിൽ.
ചൂടു വലിച്ചെടുത്ത് കടൽ പൊട്ടിത്തെറിയുടെ വക്കിലാണ്. തീവ്ര ന്യൂനമർദം രൂപപ്പെട്ടാൽ ഏതാനും മണിക്കൂറിനുള്ളിൽ അത് അതിശക്ത ചുഴലിക്കാറ്റായി മാറാൻ തക്കവിധത്തിൽ കടൽ ചൂടായി കിടക്കുന്നു. പവിഴപ്പുറ്റുകളും മറ്റും ചീഞ്ഞ് നിറം മാറുന്ന പ്രവണത ഇപ്പോൾ തന്നെ കാണപ്പെടുന്നു. ഇതു മത്സ്യസമ്പത്തിനെ സാരമായി ബാധിക്കും
Discussion about this post