രാജസ്ഥാന്‍ : രാജസ്ഥാനില്‍ ഐസക് ന്യൂട്ടനും അക്ബറും പൈത്തഗോറസും അടക്കമുള്ള വിദേശികളെ പാഠപുസ്തകത്തില്‍ നിന്നൊഴിവാക്കി. വിദേശിയരായ ഇവര്‍ക്ക് പകരം ഇന്ത്യന്‍ പ്രതിഭകളെ പറ്റിയുള്ള ഭാഗങ്ങള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്താനാണ് രാജസ്ഥാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
ഭഗവത് സിംഗ്, നേതാജി, സവര്‍ക്കര്‍ അടക്കമുള്ള ദേശീയ നേതാക്കളെക്കുറിച്ചുള്ള പാഠഭാഗങ്ങളുള്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ ഇതിനകം വിവാദമായിട്ടുണ്ട്.
വിദ്യാഭ്യാസ മന്ത്രി വാസുദേവ് ദേവ്‌നാനിയാണ് വിദ്യാഭ്യാസ നയത്തിലെ പുതിയ പരിഷക്കാരങ്ങള്‍ പുറത്ത് വിട്ടത്. സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി തലത്തില്‍ വിദ്യാര്‍ത്ഥികള്‍ വിദേശ പ്രതിഭകളേക്കുറിച്ച് പഠിക്കേണ്ടെന്ന് വാസുദേവ് ദേവ്‌നാനി പറഞ്ഞു.. സ്‌കൂളുകളില്‍ സൂര്യനമസ്‌കാരം നിര്‍ബന്ധമാക്കി ദേവ്‌നാനി ശ്രദ്ധേയനായിരുന്നു.
എന്തുകൊണ്ടാണ് നമ്മുടെ കുട്ടികള്‍ അക്ബര്‍ ദ ഗ്രേറ്റിനേക്കുറിച്ച് മാത്രം പഠിക്കുന്നത്, മഹാറാണാ പ്രതാപ് ദ ഗ്രേറ്റിനേക്കുറിച്ച് പഠിക്കാത്തത്. കുട്ടികള്‍ വിദേശ ഭരണാധികാരികളേക്കുറിച്ചും ശാസ്ത്രജ്ഞരേക്കുറിച്ചും ഗണിതപ്രതിഭകളേക്കുറിച്ചും മാത്രം പഠിക്കുന്നത് എന്തുകൊണ്ടാണ് എന്നിങ്ങനെയാണ് ദേവ്‌നാനിയുടെ ചോദ്യങ്ങള്‍.
താന്‍ സ്ഥാനമേറ്റെടുത്തതിനു ശേഷമാണ് വന്‍ സാമ്പത്തിക ബാധ്യത ഏറ്റെടുത്ത് പുതിയ പുസ്തകങ്ങള്‍ അച്ചടിക്കാന്‍ തീരുമാനിച്ചത്. ഈ വര്‍ഷം തന്നെ കാതലായ മാറ്റങ്ങള്‍ വരുമെന്നും ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൂടിയാണ് ദേവ്‌നാനി.
വിദ്യാഭ്യാസം കാവിവത്ക്കരിക്കാനുള്ള നീക്കമാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ നടത്തുന്നതെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ സംസ്‌കാരം കുട്ടികളെ പഠിപ്പിക്കേണ്ടത് രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണെന്നാണ് സര്‍ക്കാര്‍ നിലപാട്.
Discussion about this post