ഭോപ്പാല്‍: വ്യാപം(മധ്യപ്രദേശ് പ്രൊഫഷണല്‍ എക്സാമിനേഷന് ബോര്‍ഡ്) പരീക്ഷാത്തട്ടിപ്പു കേസില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് സി ബി ഐയുടെ ക്ലീന്‍ ചിറ്റ്. വ്യാപം കേസിന്റെ കുറ്റപത്രം സി ബി ഐ കോടതിയില്‍ സമര്‍പ്പിച്ചു. സര്‍ക്കാര്‍ നിയമനങ്ങളും പ്രൊഫഷണല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് മധ്യപ്രദേശില്‍ നടന്ന ക്രമക്കേടാണ് വ്യാപം തട്ടിപ്പുകേസ്. തട്ടിപ്പുമായി ബന്ധപ്പെട്ട് ചൗഹാന് എതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും ഇദ്ദേഹത്തിനെതിരെ തെളിവുകള്‍ ലഭിച്ചിരുന്നില്ല. 490 പേര്‍ക്കെതിരെയുള്ള കുറ്റപത്രമാണ് സി ബി ഐ ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിച്ചത്.
തട്ടിപ്പു പുറത്തുകൊണ്ടുവന്ന പ്രശാന്ത് പാണ്ഡേ, കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് എന്നിവരുടെ ആരോപണങ്ങള്‍ക്ക് വിപരീതമായി, കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത മൂന്ന് ഹാര്‍ഡ് ഡിസ്കുകളില്‍ ശിവരാജ് സിങ് ചൗഹാന്റെ പേര് പരാമര്‍ശിക്കുന്നതായി കണ്ടെത്താന്‍ സാധിച്ചില്ലെന്ന് സി ബി ഐ കോടതിയെ അറിയിച്ചു.
ഹാര്‍ഡ് ഡിസ്കുകളില്‍ കൃത്രിമം നടന്നിട്ടില്ലെന്നും സി ബി ഐ വക്താവ് കോടതിയെ അറിയിച്ചു. 2015 ലാണ് സി ബി ഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടത്.
തട്ടിപ്പിന്റെ വാര്‍ത്ത പുറത്തുവന്നതോടെ ഇതുമായി ബന്ധപ്പെട്ട 30 പേരാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. മൂന്ന് വ്യാപം ഉദ്യോഗസ്ഥരുടെ പേരുകള്‍ മാത്രമാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 17 ഇടനിലക്കാരുടെയും ഗുണഭോക്താക്കളായ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പേരുകള്‍ കുറ്റപത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്.
Discussion about this post