ക്വാലാലംപുര്‍: തീവ്രവാദത്തിന് പ്രോത്സാഹനം നല്‍കിയന്ന കേസില്‍ എന്‍.ഐ.എ കുറ്റപ്പത്രം നല്‍കിയ വിവാദ മതപ്രഭാഷകന്‍ സാകിര്‍ നായിക് മലേഷ്യയിലെന്ന് റിപ്പോര്‍ട്ട്. സാകിര്‍ നായിക് ക്വലാലംപുരിലെ പ്രമുഖ പള്ളിയില്‍ പ്രാര്‍ഥന നടത്തിയതിന്റെ ചിത്രങ്ങള്‍ ദേശീയ മാധ്യമം പുറത്തുവിട്ടു.
മലേഷ്യന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന നേതാക്കളും വരാറുള്ള പള്ളിയായ പുത്ര മോസ്‌ക്കിലാണ് സാകിര്‍ നായിക് വെള്ളിയാഴ്ച പ്രാര്‍ഥനക്കെത്തിയത്. ഒരു സ്വകാര്യ സുരക്ഷാ സൈനികനോടൊപ്പം പള്ളിയില്‍ നിന്നിറങ്ങുന്ന ചിത്രവും പുറത്തുവിട്ടിട്ടുണ്ട്.
ഇന്ത്യയില്‍ നിന്നും കടന്ന സാകിര്‍ നായികിന് യു.കെയും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടെയാണ് മലേഷ്യ നായികിന് സ്ഥിര താമസത്തിനുള്ള അനുവാദം നല്‍കിയിരിക്കുന്നത്.
സാകിര്‍ നായികിന്റെ പ്രഭാഷണങ്ങള്‍ സമുദായങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തുന്നതാണെന്ന് കഴിഞ്ഞ ആഴ്ച എന്‍.ഐ.എ സമര്‍പ്പിച്ച കുറ്റപ്പത്രത്തില്‍ പറയുന്നുണ്ട്. ബംഗ്‌ളാദേശും നായികിന്റെ ഉടമസ്ഥതിയിലുള്ള പീസ് ടി.വി ചാനല്‍ നിരോധിച്ചിരുന്നു. ധാക്കയില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്‌ഫോടത്തിന്റെ ഉത്തരവാദികള്‍ സാകിര്‍ നായിക്കില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടവരാണെന്ന വാര്‍ത്തയെ തുടര്‍ന്നാണ് ബംഗ്‌ളാദേശിന്റെ നടപടി. ഇതേ തുടര്‍ന്നാണ് ഇന്ത്യയും സാകിര്‍ നായികിനും അദ്ദേഹത്തിന്റെ സ്ഥാപനമായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനും നിരോധനമേര്‍പ്പെടുത്തിയത്.
Discussion about this post