ഡല്‍ഹി: സിക്ക് മത സ്ഥാപകന്‍ ഗുരുനാനാക്കിന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച സിനിമയുടെ നിര്‍മ്മാണത്തില്‍ ഓസ്കാര്‍ അവാര്‍ഡ് ജേതാവും മലയാളിയുമായ റസൂല്‍ പൂക്കുട്ടി സഹകരിക്കുന്നു. നാനക് ഷാ ഫക്കീര്‍ എന്ന് ചിത്രത്തിന്റെ ശബ്ദലേഖനം സ്വന്തം ചെലവില്‍ വിദേശത്ത് വച്ച് നിര്‍വഹിച്ചു കൊണ്ടാണ് റസൂല്‍ പൂക്കുട്ടി സിനിമയുടെ സഹനിര്‍മ്മാതാവായത്.
ഗുരുനാനാക്കിന്റെ ചിത്രമായതിനാല്‍ പണം വാങ്ങാതെ സൗണ്ട് റെക്കാഡിംഗ് ചെയ്യാമെന്ന് റസൂല്‍ ആദ്യം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ചിത്രത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് റെക്കാഡിംഗ് വിദേശത്ത് നടത്തണമെന്നായിരുന്നു റസൂലിന്റെ നിര്‍ദ്ദേശം. സാമ്പത്തിക ബാദ്ധ്യത ഏറ്റെടുക്കാനാവില്ലെന്ന് നിര്‍മ്മാതാവ് പറഞ്ഞപ്പോള്‍ ചെലവ് താന്‍ വഹിക്കുമെന്ന് റസൂല്‍ പൂക്കുട്ടി ഉറപ്പു നല്‍കുകയായിരുന്നു. ലണ്ടനിലെ പ്രശസ്തമായ അബി റോഡ് സ്റ്റുഡിയോയിലാണ് ചിത്രത്തിന്റെ സൗണ്ട് റെക്കാഡിംഗ് നടത്തിയത്.
500 വര്‍ഷം മുമ്പുള്ള സിക്ക് ചരിത്രം വിവരിക്കുന്ന സിനിമ ഏപ്രില്‍ 17ന് റിലീസ് ചെയ്യും.
Discussion about this post