തിരുവനന്തപുരം: കാര്യവട്ടത്തെ ആവേശ കളിവട്ടമാക്കിയ മത്സരത്തില്‍ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന വിജയം. മഴക്കളിയില്‍ എട്ടോവറായി ചുരുക്കിയ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ ആറു റണ്‍സിന് ഇന്ത്യ പരാജയപ്പെടുത്തി.
ഇന്ത്യ ഉയര്‍ത്തിയ 68 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവികള്‍ക്ക് 61 റണ്‍സെടുക്കാനെ സാധിച്ചുള്ളു. ജയത്തോടെ മൂന്നു മത്സരങ്ങളുടെ പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കി. ന്യൂസിലണ്ടിനെതിരെ ആദ്യമത്സരം ജയിച്ച ഇന്ത്യ മൂന്നാമത്തെ കളിയിലും ജയിച്ച പരമ്പര വിജയം കൂടി കുറിച്ചു.
രണ്ട് വിക്കറ്റ് വീഴ്ത്തിയ ബുംറെയും ഓരോ വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറും, കുല്‍ദീപ് യാദവും തിളങ്ങി.രണ്ട് ഓവറില്‍ ബുംറ 9 റണ്‍സാണ് വിട്ടു നല്‍കിയത്. രണ്ടോവറില്‍ എട്ട് റണ്‍സ് വിട്ടുകൊടുത്ത ചാഹലും കീവിസിനെ വരിഞ്ഞിട്ടു.
ടോസ് നേടിയ ന്യൂസിലന്‍ഡ് ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു. ഒരു സിക്സും ഒരു ഫോറുമടക്കം 11 പന്തില്‍ 17 റണ്‍സെടുത്ത മനീഷ് പാണ്ഡെയുടേതാണ് ഇന്ത്യന്‍ നിരയിലെ മികച്ച വ്യക്തിഗ സ്കോര്‍.
ഹാര്‍ദിക് പാണ്ഡ്യ(14),ക്യാപ്റ്റന്‍ വീരാട് കോലി(13) എന്നിവരും തിളങ്ങി.
ഓപ്പണര്‍മാരായി ഇറങ്ങിയ രോഹിത് ശര്‍മ എട്ട് റണ്‍സും, ശിഖര്‍ ധവാന് ആറ് റണ്‍സുമെടുത്ത് പവലയിനിലേക്ക് മടങ്ങി. ശ്രേയസ് അയ്യര്‍ ആറ് റണ്‍സുമെടുത്തു. ന്യൂസിലണ്ട് നിരയില്‍
ടിം സോതി, ഇഷ് സോതി എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. ട്രെന്‍ഡ് ബോള്‍ട്ട് ഒരു വിക്കറ്റെടുത്തു.
Discussion about this post