അഗര്‍ത്തല: ത്രിപുര രാഷ്ട്രീയത്തില്‍ നിര്‍ണായക വഴിത്തിരിവ്. ഇനി ബിജെപി എംഎല്‍എമാരായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ബിജെപിയില്‍ ചേര്‍ന്ന ത്രിപുരയിലെ ആറ് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ സ്പീക്കര്‍ക്ക് കത്ത് നല്കി. ഈ വര്‍ഷം ഓഗസ്തിലാണ് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.
ദിബാ ചന്ദ്ര, സുദീപ് റോയ് ബര്മന്, ആശിഷ് സാഹ, പ്രന്‍ജിത് സിങ റോയ്, ദിലീപ് സര്‍ക്കാര്‍ ബിശ്വ ബന്ദു സെന്‍ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്ന എംഎല്‍എമാര്‍.
തൃണമൂലുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചെന്നും ഞങ്ങള്‍ ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയെന്നും എംഎല്‍എമാര്‍ വ്യക്തമാക്കി. മാത്രമല്ല ബിജെപിയുടെ നിയമസഭാ നേതാവായി ദളിത് നേതാവായ ദിബാ ചന്ദ്രയെ തെരഞ്ഞെടുക്കുകയും ചെയ്തു.
2013-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറ് പേരും കോണ്‍ഗ്രസ് പ്രതിനിധികളായാണ് തെരഞ്ഞെടുക്കപ്പെട്ടത്. 2016-ല്‍ ആറുപേരും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. 60 അംഗനിയമസഭയില്‍ ഇടതുപാര്‍ട്ടികള്‍ക്ക് 51 സീറ്റാണുള്ളത്. കോണ്‍ഗ്രസ് 3, ബിജെപി ആറ് എന്നിങ്ങനെയാണ് ഇപ്പോഴത്തെ സീറ്റ് നില.
Discussion about this post