തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രൻ തടഞ്ഞു നിർത്തിയ ബസിലെ സിസിടിവി ദൃശ്യങ്ങളുടെ മെമ്മറി കാർഡ് കാണാതായതിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഗതാഗത മന്ത്രി ഗണേഷ് കുമാർ. താനൂർ ഡിപ്പോയിലെ നാല് കെഎസ്ആർടിസി ബസുകളിലാണ് സിസിടിവി ക്യാമറകൾ ഉള്ളത്. അവയിൽ മൂന്ന് ബസുകളിലും മെമ്മറി കാർഡുണ്ട്. പ്രശ്‌നം ഉണ്ടായ ബസിലെ മെമ്മറി കാർഡ് മാത്രമാണ് കാണാതായത്. സംഭവത്തിൽ അന്വേഷണം നടത്താൻ കെഎസ്ആർടിസി എംഡിയ്ക്ക് നിർദേശം നൽകിയതായും ഗണേഷ് കുമാർ വ്യക്തമാക്കി.
കെഎസ്ആർടിസി ഡ്രൈവർ യദു നൽകിയ പരാതിയുടെ ഭാഗമായി ബസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പോലീസ് എത്തിയപ്പോഴായതിരുന്നു മെമ്മറി കാർഡ് കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്. മൂന്ന് ക്യാമറകളാണ് ബസിൽ ഉണ്ടായിരുന്നത്. ഒരാഴ്ച്ച കാലത്തെ ദൃശ്യങ്ങൾ സൂക്ഷിക്കാൻ തരത്തിലുള്ള ക്രമീകരണങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഈ മെമ്മറി കാർഡ് ആണ് കാണാതായത്.
ബസിൽ നടന്ന കാര്യങ്ങളെ കുറിച്ചുള്ള കൃത്യമായ രൂപം ലഭിക്കുന്നതിനുള്ള പ്രധാന തെളിവായിരുന്നു കാണാതായ മെമ്മറി കാർഡ്. ഇത് കാണാതായത് കേസ് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. ഇതോടെ ഫോറൻസിക് പരിശോധന ഉൾപ്പെടെ നടത്താനാണ് പോലീസിന്റെ നീക്കം.












