കൊച്ചി: അവാര്‍ഡ് നിശകളില്‍ താരങ്ങള്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് ഫിലിം ചേംബര്‍ വിളിച്ചു ചേര്‍ത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞു. നിര്‍ദേശം അംഗീകരിക്കാനാകില്ലെന്ന് താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ പ്രതിനിധികള്‍ നിലപാടെടുത്തതോടെയാണ് ചര്‍ച്ച അലസിയത്. ഒടുവില്‍ വിശദമായ ചര്‍ച്ചയ്ക്ക് ശേഷം തീരുമാനമെടുക്കാമെന്ന ധാരണയില്‍ യോഗം പിരിഞ്ഞു.
രാവിലെ പത്തോടെ ആരംഭിച്ച ചര്‍ച്ച തുടക്കം മുതല്‍ കലുഷിതമായിരുന്നു. അടുത്ത മൂന്ന് വര്‍ഷത്തേക്ക് ചാനലുകള്‍ നടത്തുന്ന താരനിശകളില്‍ അമ്മ അംഗങ്ങള്‍ പങ്കെടുക്കരുതെന്നായിരുന്നു ഫിലിം ചേംബര്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ഈ ആവശ്യത്തെ അമ്മ പ്രതിനിധികളായെത്തിയ ഇന്നസെന്റ്, ഗണേശ്കുമാര്‍, ഇടവേള ബാബു തുടങ്ങിയവര്‍ എതിര്‍ത്തതോടെ ചര്‍ച്ച ബഹളത്തിലേക്ക് നീങ്ങി. ഇന്നസെന്റും ഗണേശ്കുമാറും നിലപാടറിയിച്ച ശേഷം ചര്‍ച്ച പൂര്‍ത്തിയാകുന്നതിന് മുമ്പുതന്നെ മടങ്ങി. ഇരുവരും മാധ്യമങ്ങളോട് പ്രതികരിക്കാന്‍ വിസമ്മതിച്ചു.
ഫിലിം ചേംബറിന്റെ ഇപ്പോഴത്തെ ഭാരവാഹികളെല്ലാം പുതുമുഖങ്ങളായതിനാല്‍ മറ്റ് സംഘടനകളിലെ അംഗങ്ങളെ പരിചയപ്പെടുന്നതിന് വേണ്ടിയാണ് യോഗം വിളിച്ചതെന്നായിരുന്നു ചേംബര്‍ പ്രസിഡന്റ് കെ.വിജയകുമാര്‍ ചര്‍ച്ചയ്ക്കുശേഷം പറഞ്ഞത്. മറ്റു കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്തിട്ടില്ല. സിനിമാ മേഖലയ്ക്ക് ഗുണകരമായ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ഗുണകരമല്ലാത്തവ ഒഴിവാക്കണമെന്നും പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post