ഇസ്ലാമാബാദ്: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിലെ കറാച്ചിയിലിരുന്ന് ദുബായിലെ അധോലോക ബന്ധങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത്. ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ പുറത്തു വിട്ടിരിക്കുന്നത്.
പുറത്തു വന്നിരിക്കുന്ന ഒരു സംഭാഷണത്തില്‍ ഡി കമ്പനിയുമായി ബന്ധപ്പെട്ട ലണ്ടന്‍ ഉസ്താദിനെ കുറിച്ചാണ് സംസാരം . ബിഗ് ഉസ്താദ് എന്ന് പറഞ്ഞാണ് ദുബായില്‍ നിന്നുള്ള കൂട്ടാളി ദാവൂദിനെ അഭിസംബോധന ചെയ്യുന്നത്.
1997-ല്‍ കൊല്ലപ്പെട്ട ബോളിവുഡ് സംഗീത സംവിധായകന് ഗുല്‍ഷന്‍ കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട നദീം സെയ്ഫിയാണ് ലണ്ടന്‍ ഉസ്താദെന്ന് ഇന്റലിജന്‍സ് സംഘം സ്ഥിരീകരിച്ചു.
മറ്റൊന്ന് ദാവൂദിന്റെ വിശ്വസ്തനായ ജാവേദ് ചൗട്ടാനിയുമായാണ്. ഇതില്‍ ദാവൂദിനെ കൂടാതെ ഭാര്യ മെഹജ്ജാബിന് ഷേക്കിന്റെ ശബ്ദവും കേള്‍ക്കാം. താന്‍ ഓര്‍ഡര്‍ നല്കിയ ബാഗ് വാങ്ങാന്‍ ഷോ റൂമില്‍ പോകുന്ന കാര്യം ഭാര്യ ദാവൂദിനോട് പറയുന്നതും ഇതിലുണ്ട്.
മറ്റൊരു സംഭാഷണം എത്തിയത് ഈ വര്‍ഷം ഈദ് മുബാരക്ക് സമയത്താണ്. ഇതില്‍ തന്നെ വിളിക്കാന്‍ ശ്രമിക്കരുതെന്ന് പറഞ്ഞ് ദാവൂദ് തന്റെ കൂട്ടാളിയെ വിലക്കുന്നുണ്ട്. ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സി ഫോണ്‍ കോളുകള്‍ തിരിച്ചറിഞ്ഞേക്കുമെന്നും പറയുന്നു.
അതേസമയം സന്ദേശങ്ങളിലുള്ളത് ദാവൂദിന്റെ ശബ്ദം തന്നെയാണെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ദാവൂദ് ഒളിവില്‍ കഴിയുന്ന കറാച്ചിയിലെ സുരക്ഷിത കേന്ദ്രത്തില്‍ നിന്നാണ് ഫോണ്‍ കോളുകള്‍ പോയതെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇവിടം പാകിസ്ഥാന് ചാരസംഘടനയായ ഇന്റര്‍സര്‍വീസസ് ഇന്റലിജന്‍സിന്റെ സംരക്ഷണത്തിലാണെന്നും സൂചനയുണ്ട്.
Discussion about this post