ഭൂമി കൈയ്യേറി രാജ്യവും സ്വയം രാജാവായും പ്രഖ്യാപിച്ച് ഇന്ത്യക്കാരന്. വടക്കേ ആഫ്രിക്കയില്‍ അവകാശികളില്ലാതെ കിടന്ന 2,060 സ്ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയുള്ള പ്രദേശത്തെ രാജാവെന്ന് സ്വയം വിശേഷിപ്പിച്ചിരിക്കുകയാണ് സുയാഷ് ദീക്ഷിത് എന്ന യുവാവ്. ഈജിപ്ത് അതിര്‍ത്തിയുടെ തെക്ക് ഭാഗത്ത് ‘ബിര്‍ താവില്‍’ എന്നറിയപ്പെടുന്ന സ്ഥലത്ത് കടന്നു കയറിയാണ് സുയാഷ് സ്വന്തം രാജ്യം പ്രഖ്യാപിച്ചത്. ഈ മാസം ആദ്യമായിരുന്നു ‘കിങ്ഡം ഓഫ് ദീക്ഷിത്’ എന്ന രാജ്യത്തിന്റെ പ്രഖ്യാപനവുമായി സുയാഷ് ലോക ശ്രദ്ധ നേടിയത്.
ഫേസ്ബുക്കിലിട്ട പോസ്റ്റിലൂടെയായിരുന്നു ഇന്‍ഡോറിലെ ബിസിനസ്സുകാരനായ യുവാവ് പുതിയ രാജ്യത്തിന്റെ അവകാശം പ്രഖ്യാപിച്ചത്. ഇതിനു പുറമെ തന്റെ പിതാവ് യുയോഗ് ദിക്ഷിതിനെ ആക്ടിങ്ങ് പ്രധാനമന്ത്രിയായും സൈനികാധിപനായും ഇയാള്‍ പ്രഖ്യാപിച്ചു. ഭൂമിയുടെ അവകാശം സ്ഥാപിക്കുന്നതിനായി സൂര്യകാന്തി പൂവിന്റെ വിത്ത് നടുകയും രണ്ടിടത്തായി സ്വന്തമായി രൂപകല്‍പ്പന ചെയ്ത പതാക നാട്ടുകയും ചെയ്തു. ഈജിപ്തിന്റെയും സുഡാന്റെയും ഭാഗമല്ലാത്ത ‘ബിര്‍ താവില്‍’ ഭൂമിയുടെ മേല്‍ നിലവില്‍ ഒരു രാജ്യവും അവകാശവാദം ഉന്നയിച്ചിട്ടില്ല.
ബിര്‍ താവില്‍ എന്ന അറബിവാക്കിന്റെ അര്‍ഥം ആഴമുള്ള കിണര്‍ എന്നാണ്. ജീവിക്കാന്‍ അനുകൂല സാഹചര്യമായിട്ടും യാതൊരു രാജ്യത്തിന്റെയോ സ്റ്റേറ്റിന്റെയോ ഭാഗമല്ലാതെ നിലകൊള്ളുന്ന ഭൂമിയിലെ ഏക പ്രദേശമെന്ന ഖ്യാതിയും ബിര്‍ താവിലിനുണ്ട്. കഴിഞ്ഞ നൂറോളം വര്‍ഷങ്ങളായി മനുഷ്യവാസമില്ലാത്ത പ്രദേശമാണിത്.
മരുഭൂമിയിലൂടെ 319 കിലോമീറ്റര്‍ സഞ്ചരിച്ചാണ് താന്‍ അവിടെയെത്തിച്ചേര്ന്നതെന്നും വളരെ ദുര്‍ഘടമായ പാതയായിരുന്നതെന്നും സുയാഷ് പറയുന്നു. താന്‍ മണ്ണില്‍ വിത്ത് പാകിയിട്ടുണ്ടെന്നും അതിനു വെള്ളമൊഴിക്കുകയും ചെയ്തെന്നും അതുകൊണ്ട് തന്നെ ഈ മണ്ണ് തന്റേതാണെന്നും സുയാഷ് പറയുന്നു. കിങ്ഡം ഓഫ് ദീക്ഷിതിന്റെ തലസ്ഥാനം സുയാഷ്പുര് എന്നറിയപ്പെടുമെന്നും തന്റെ രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനും മാതൃരാജ്യത്തിന്റെ അഭിവൃദ്ധിക്കുമായി പ്രവര്‍ത്തിക്കുമെന്നും സുയാഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രഖ്യാപിച്ചു. ഇത് തമാശയല്ലെന്നും താനിപ്പോള്‍ ഒരു രാജ്യത്തിന്റെ അധിപനാണെന്നും ഇക്കാര്യം അറിയിച്ച് ഐക്യരാഷ്ട്ര സഭയ്ക്ക് കത്തയക്കാന്‍ പോവുകയാണെന്നും സുയാഷ് ഫേസ്ബുക്കില്‍ അറിയിച്ചിരുന്നു. പൗരത്വത്തിനുള്ള അപേക്ഷയും വിദേശ നിക്ഷേപവും ഇയാള്‍ ക്ഷണിച്ചിട്ടുണ്ട്.
https://www.facebook.com/suyashthegreat/posts/10156178786714341
Discussion about this post